തിരുവനന്തപുരം
സംസ്ഥാനത്ത് മികച്ച നിലയിലുള്ള തൊഴിലുറപ്പുപദ്ധതിയെ തകർക്കാനേ കേന്ദ്രത്തിന്റെ പുതിയ നിബന്ധനകൾ ഉപകരിക്കൂവെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. പട്ടികജാതി, പട്ടികവർഗം, മറ്റുള്ളവർ എന്ന് വെവ്വേറെ അക്കൗണ്ട് തിരിച്ച് തുക അനുവദിക്കണമെന്ന തൊഴിലുറപ്പ് ഡയറക്ടറുടെ ഉത്തരവിനോട് യോജിക്കാനാകില്ല. വിയോജിപ്പ് അറിയിക്കും. മറുപടിയനുസരിച്ച് തുടർനടപടി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ ജാതി, മത പരിഗണനയില്ലാതെ ഒറ്റ അക്കൗണ്ട് വഴിയാണ് പണം നൽകുന്നത്. ശക്തമായ മതനിരപേക്ഷ അടിത്തറയുള്ള സംസ്ഥാനമാണ് കേരളം. വിവേചനം തൊഴിലിടങ്ങളെ സങ്കീർണമാക്കും. തൊഴിലാളികളും ഈ രംഗത്തെ സംഘടനകളും കേന്ദ്രനീക്കത്തിൽ പ്രതിഷേധിക്കുകയാണ്. നിലവിലുള്ള ആക്ടിനു വിരുദ്ധവുമാണ് കേന്ദ്ര നിർദേശം. സി കെ ഹരീന്ദ്രൻ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
വിവേചനമില്ലാതെ സാധാരണക്കാർക്ക് തൊഴിലും വരുമാനവും ഉറപ്പുനൽകുംവിധമാണ് കേരളം പദ്ധതി നടപ്പാക്കുന്നതെന്ന് സി കെ ഹരീന്ദ്രൻ പറഞ്ഞു.