തിരുവനന്തപുരം
സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് സുരക്ഷ നൽകാൻ നടപടി ആരംഭിച്ചതായി മന്ത്രി വി എൻ വാസവൻ. എല്ലാ ബാങ്കിലും കുറ്റമറ്റ രീതിയിൽ ഓഡിറ്റിങ് ആരംഭിച്ചു. നിക്ഷേപക സംരക്ഷണപദ്ധതിയും നടപ്പാക്കും. കേരള ബാങ്കിന്റെ വായ്പകൾക്ക് കൂട്ടുപലിശ തീരുമാനിക്കുന്നതിൽ റിസർവ് ബാങ്കിനുകൂടി പങ്കുണ്ട്. കാർഷിക വായ്പയ്ക്ക് കുറഞ്ഞ പലിശയാണ് സഹകരണ ബാങ്കുകൾ ഈടാക്കുന്നത്. മൊറട്ടോറിയം കാലത്ത് സഹകരണ വായ്പക്ക് ഈടാക്കുന്ന കൂട്ടുപലിശയിൽ ഒറ്റതവണ തീർപ്പാക്കലിൽ ഇളവ് ലഭിക്കും. ഭരണസമിതിയ്ക്ക് പലിശ നിരക്കിൽ ഇളവ് അനുവദിക്കാനും അനുമതി നൽകി. കരുവന്നൂർ ബാങ്ക് തട്ടിപ്പിനെക്കുറിച്ച് പരാതി ലഭിച്ച സമയത്തുതന്നെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. കുറ്റക്കാരായവർക്കെതിരെ നടപടിയെടുത്തു. ക്രമക്കേട് നടത്തിയ ആരും ഇപ്പോൾ ബാങ്കിലില്ല. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും. എആർ നഗർ സഹകരണ ബാങ്കിൽ ഉൾപ്പെടെ എൻആർഐ നിക്ഷേപം സ്വീകരിക്കാൻ അനുമതിയുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.