ന്യൂഡൽഹി
വൊഡഫോൺ, കെയ്ൻ എനർജി തുടങ്ങി 15 ബഹുരാഷ്ട്ര കമ്പനിക്ക് ആയിരക്കണക്കിനു കോടി രൂപ നികുതിയിളവ് നൽകുന്ന ബിൽ ലോക്സഭയിൽ. വെഡഫോൺ ഐഡിയ കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ധനമന്ത്രി നിർമല സീതാരാമൻ തിരക്കിട്ട് ബിൽ അവതരിപ്പിച്ചത്. ഇന്ത്യൻ കമ്പനികൾ ഏറ്റെടുത്തതുവഴി വിദേശ കോർപറേറ്റ് സ്ഥാപനങ്ങൾക്ക് ഉണ്ടായ മൂലധന ആദായത്തിനു നൽകേണ്ട നികുതി ഒഴിവാക്കാനാണ് ബില്.
കെയ്ൻ എനർജി 22,100 കോടിയും വൊഡഫോൺ 7990 കോടിയും നികുതി കുടിശ്ശികയുണ്ട്. ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചെങ്കിലും രാജ്യാന്തര ട്രിബ്യൂണലുകളിൽ കമ്പനികൾ അനുകൂലവിധി നേടി. ഇതിൽ കേന്ദ്രം കഴിഞ്ഞവർഷം അപ്പീൽ നൽകി. ബില് പാസായാല് ഈ കേസുകൾ അവസാനിപ്പിക്കണം. 2012 മെയ് 28നുമുമ്പ് നടന്ന ഇടപാടുകൾക്ക് നികുതി നൽകേണ്ടതില്ലെന്നും കമ്പനികൾ ഇതിനകം അടച്ച നികുതി പലിശയില്ലാതെ തിരിച്ചുനല്കുമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്.
ഹച്ചിസൺ കമ്പനിയുടെ 67 ശതമാനം ഓഹരി 2007ലാണ് വൊഡഫോൺ 1100 കോടി ഡോളറിന് ഏറ്റെടുത്തത്. കെയ്ൻ എനർജി ഇന്ത്യയിലെ അനുബന്ധ കമ്പനി 2006–-07ൽ നേരിട്ട് ഉടമസ്ഥതയിലാക്കി. ഇടപാടുകളില് ആദായനികുതി ഈടാക്കാന് 2012ല് കേന്ദ്രം നടപടി തുടങ്ങി. കോർപറേറ്റുകൾ ഇതിനെ ശക്തമായി എതിര്ത്തു. എന്നാല്, ഇപ്പോള് കൊണ്ടുവന്ന ബില്ലിനെ കോർപറേറ്റുകൾ ആവേശപൂർവം സ്വാഗതം ചെയ്തു.