കാബൂള്
അഫ്ഗാനിസ്ഥാനില്‍ പ്രതിരോധ മന്ത്രിയുടെ ചുമതലയിലുള്ള ബിസ്മില്ലാ ഖാന് മൊഹമ്മദിയെ ലക്ഷ്യമിട്ട് താലിബാൻ നടത്തിയ ചാവേറാക്രമണത്തില് 8 പേര് കൊല്ലപ്പെട്ടു. തലസ്ഥാനത്തെ അതീവ സുരക്ഷാമേഖലയിലുള്ള മന്ത്രിവസതിക്ക് നേരെയുണ്ടായ ആക്രമണത്തില് 20 പേര്ക്ക് പരിക്കേറ്റു. മന്ത്രി ഇവിടെയുണ്ടായിരുന്നില്ല. പ്രവിശ്യകളില് താലിബാന് നേരെ സൈന്യം നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയാണ് ഇതെന്ന് താലിബാന് വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. നാല് അക്രമികളെ സൈന്യം കൊലപ്പെടുത്തി.
അഫ്ഗാനിസ്ഥാനില്‍ സാധാരണക്കാര്ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില് യുഎന് രക്ഷാസമിതി അപലപിച്ചു. പ്രശ്നങ്ങള്ക്ക് രാഷ്ട്രീയ പരിഹാരം കാണാനും സമാധാന കരാറിലെത്താനും സര്ക്കാരും താലിബാനും സംയുക്തമായി ശ്രമിക്കണമെന്ന് യുഎന് ആവശ്യപ്പെട്ടു. താലിബാന് ആക്രമണം സംബന്ധിച്ച് രക്ഷാസമിതിയില് അടിയന്തര ചര്ച്ച സംഘടിപ്പിക്കുന്നതിന് അഫ്ഗാന് വിദേശമന്ത്രി മൊഹമ്മദ് ഹനീഫ് അത്മര് ഇന്ത്യന് വിദേശമന്ത്രി എസ് ജയശങ്കറുമായി ഫോണില് സംസാരിച്ചിരുന്നു.
രക്ഷാസമിതിയുടെ അധ്യക്ഷസ്ഥാനം ഈ മാസം ഇന്ത്യക്കാണ്. അതേസമയം സംഘര്ഷം ഭയന്ന് അഫ്ഗാനിസ്ഥാന് വിടുന്നവരെ ഉള്ക്കൊള്ളാനാകില്ലെന്ന് തുര്ക്കി അറിയിച്ചു. പ്രശ്നങ്ങള്ക്ക് കാരണം യുഎസിന്റെ ഉത്തരവാദിത്തമില്ലായ്മയാണെന്നും തുർക്കി വിദേശമന്ത്രാലയം പ്രസ്താവനയില് പറഞ്ഞു.
ഐഎസും
ശക്തിപ്പെടുന്നു
അഫ്ഗാനിസ്ഥാന്റെ വിവിധ പ്രവിശ്യകളില് ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്ത്തനങ്ങള് ശക്തിപ്പെടുന്നതായി യുഎൻ. എസിന്റെ ദക്ഷിണേഷ്യൻ ശാഖയായ ഇസ്ലാമിക് സ്റ്റേറ്റ് ഇൻ ഇറാഖ് ആൻഡ് ലെവന്റ് – ഖൊറാസാന് (ഐഎസ്ഐഎല്-കെ) കാബൂളിലടക്കം പ്രവര്ത്തനം ശക്തമാക്കുന്നതായും യുഎന് സെക്രട്ടറി ജനറല് അന്റോണിയോ ഗുട്ടറസ് റിപ്പോര്ട്ടില് വ്യക്തമാക്കി.