ന്യൂഡൽഹി
അയോധ്യയിൽ നിർമാണത്തിലുള്ള രാമക്ഷേത്രം 2023 അവസാനം തീർഥാടകർക്കായി തുറക്കുമെന്ന് രാമക്ഷേത്ര ട്രസ്റ്റ്. 2024ലെ പൊതു തെരഞ്ഞെടുപ്പിൽ ക്ഷേത്രനിർമാണം പ്രധാന പ്രചാരണായുധമാക്കാനുള്ള ബിജെപി അജണ്ടയനുസരിച്ചാണിത്. പതിറ്റാണ്ടുകൾക്കുമുമ്പ് നൽകിയ വാഗ്ദാനം നടപ്പാക്കിയെന്ന് ബിജെപിക്കും സംഘപരിവാറിനും പ്രഖ്യാപിക്കാനാകും. ഇതിനാണ് 2025ൽ നിർമാണം പൂർത്തിയാകുന്ന ക്ഷേത്രം രണ്ടുവർഷംമുമ്പ് തുറക്കുന്നത്. ആർഎസ്എസിന്റെ 100–-ാം വാർഷികത്തിലാണ് നിർമാണം പൂർത്തിയാക്കുക.
സംഘപരിവാർ ക്രിമിനലുകൾ ബാബ്റി മസ്ജിദ് തകർത്ത സ്ഥലത്താണ് ക്ഷേത്രം നിർമിക്കുന്നത്. ക്ഷേത്ര നിർമാണത്തിന് സുപ്രീംകോടതി ഉത്തരവിട്ടതോടെ കേന്ദ്ര സർക്കാർ പദ്ധതിക്കു സമാനമായാണ് നരേന്ദ്ര മോഡി സർക്കാർ നിർമാണത്തെ പ്രോത്സാഹിപ്പിച്ചത്. പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രയാണ് രാമക്ഷേത്ര ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അധ്യക്ഷൻ. കോവിഡ് സാഹചര്യത്തിലും കഴിഞ്ഞവർഷം നടന്ന നിർമാണ ഉദ്ഘാടനത്തിൽ മോഡി നേരിട്ട് പങ്കെടുത്തു.