ഡെറാഡൂൺ
ടോക്യോ ഒളിമ്പിക്സ് വനിതാ ഹോക്കിയിൽ ഇന്ത്യയുടെ സെമി ഫൈനൽവരെയുള്ള മുന്നേറ്റത്തിന്റെ കുന്തമുനയായ താരം വന്ദന കട്ടാരിയയുടെ കുടുംബത്തിനുനേരെ ജാത്യാധിക്ഷേപം. സെമിയിൽ അർജന്റീനയോട് ഇന്ത്യ തോറ്റതിനു പിന്നാലെ ഉത്തരാഖണ്ഡ് ഹരിദ്വാർ ജില്ലയിലെ റോഷ്നബാദിലെ വീടിനുമുന്നിൽ രണ്ടുപേർ നൃത്തം ചെയ്യുകയും പടക്കം പൊട്ടിക്കുകയും ചെയ്തു. ‘ടീമിൽ നിരവധി ദളിത് താരങ്ങൾ ഉൾപ്പെട്ടതാണ് ഇന്ത്യയുടെ തോൽവിക്കു കാരണം’ എന്ന് ഇവർ അധിക്ഷേപിച്ചു. കുടുംബം നൽകിയ പരാതിയിൽ വിജയ് പാൽ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്സി–- എസ്ടി അതിക്രമം തടയൽ നിയമം പ്രകാരമാണ് കേസ്. ഒരാൾക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.
അധിക്ഷേപങ്ങൾ
മറികടന്ന പ്രതിഭ
ഹോക്കിയിൽ ഹാട്രിക് ഗോൾ നേടിയ ആദ്യ ഇന്ത്യൻ വനിതാതാരമെന്ന വന്ദനയുടെ നേട്ടത്തോടെയാണ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ജയിച്ചത്. ചെറുപ്പത്തിൽ ഹോക്കി പരിശീലിക്കുമ്പോൾമുതൽ ഇതര സമുദായങ്ങളിൽനിന്ന് വലിയ എതിർപ്പുണ്ടായിരുന്നു. ഇന്ത്യക്കുവേണ്ടി 245 അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് 67 ഗോൾ നേടിയിട്ടുണ്ട്.