കൊച്ചി: ക്രിക്കറ്റോ ഫുട്ബോളോ പോലെ കേരളത്തില്‍ സ്വീകാര്യതയുള്ള ഒരു കായിക ഇനമായി ഹോക്കി അറിയപ്പെട്ടിട്ടില്ല. എന്നാല്‍ ഇഷ്ടപ്പെടുന്നവരുടെ ചങ്കിടിപ്പ് തന്നെയാണ് ഹോക്കി. അതിന്റെ തെളിവായിരുന്നു ഇന്ന് എറണാകുള്ളത്തെ തെരുവോരങ്ങളില്‍ കണ്ടത്.
ശ്രീജേഷിന്റെ മികവില്‍ ഇന്ത്യ 41 വര്‍ഷത്തെ കാത്തിരിപ്പിന് അവാസനം കുറിച്ചപ്പോള്‍ കേരളത്തിന്റെ മുന്‍ താരങ്ങള്‍ക്ക് ഉണ്ടായ ആവേശം ചെറുതല്ലായിരുന്നു. ശ്രീജേഷിന്റെ ബാനറുമേന്തി അവര്‍ എം.ജി. റോഡിലൂടെ നടന്നു. ആര്‍പ്പു വിളിച്ചു.
“ഇന്നത്തെ ജയത്തില്‍ സന്തോഷമുണ്ട്, നാളെ വനിതകള്‍ കൂടി വെങ്കല മെഡല്‍ മത്സരത്തില്‍ വിജയിച്ചാല്‍ അത് ഇരട്ടിയാകും. അവസാന നിമിഷത്തില്‍ അധിക സമ്മര്‍ദമുണ്ടായിട്ടും ശ്രീജേഷ് മികവ് പുലര്‍ത്തി. ശ്രീജേഷിന്റെ പരിചയ സമ്പത്താണ് തുണയായത്,” മുന്‍ കേരള ഹോക്കി താരവും, ഹോക്കി ലവേര്‍സ് അംഗവുമായ സുനില്‍ ഡി ഇമ്മട്ടി പറഞ്ഞു.
“അവസാന നിമിഷത്തില്‍ കളി നഷ്ടപ്പെടുത്തുന്ന സ്ഥിരം കാഴ്ച ഉണ്ടാകുമോ എന്ന് പേടിച്ചിരുന്നു. എന്നാല്‍ അത് ഉണ്ടായില്ല എന്നത് ആശ്വാസകരമായിരുന്നു. ഒളിംപിക്സിലെ നമ്മുടെ ഒരു മത്സരവും മോശമാണെന്ന് പറായന് സാധിക്കില്ല. ഓസ്ട്രേലിയക്ക് എതിരെ മാത്രമാണ് പിഴച്ചത്,” സുനില്‍ പറഞ്ഞു.
“ഓസ്ട്രേലിയക്ക് എതിരെ കളിച്ച പോലെ കളിക്കുകയാണെങ്കില്‍ രണ്ട് ഗോളിന്റെ വ്യത്യാസത്തിലെങ്കിലും വിജയിക്കാന്‍ സാധിക്കും. ലോങ് പാസ് ഒഴിവാക്കി, ഷോര്‍ട്ട് പാസുകളിലൂടെ മൂന്നേറിയ മത്സരങ്ങള്‍ വനിതകള്‍ അനുകൂലമായിരുന്നു,” സുനില്‍ കൂട്ടിച്ചേര്‍ത്തു.
“ശ്രീജേഷിന് ഇനിയും ഒരു മൂന്ന് വര്‍ഷം കൂടി കളിക്കണമെന്നാണ് ആഗ്രഹം. ഇന്ത്യന്‍ ടീമിലെ ഗോളിമാര്‍ ആരും തന്നെ പ്രതിക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ല. പക്ഷെ ശ്രീജേഷ് അങ്ങനെ ആയിരുന്നില്ല. ശ്രീജേഷ് പുറകില്‍ ഉണ്ട് എന്ന് അറിയുന്നത് പോലും പ്രിതിരോധ താരങ്ങള്‍ക്ക് ആത്മവിശ്വാസമാണ്. അതുകൊണ്ട് നല്ലൊരു പിന്‍ഗാമിയെ കണ്ടെത്തിയിട്ടെ കളി അവസാനിപ്പിക്കാവു എന്നാണ് ആഗ്രഹം,” അദ്ദേഹം അഭിപ്രായപ്പെട്ടു.
Also Read: പി.ആർ ശ്രീജേഷ്; ഇന്ത്യയുടെ അവസാന നിമിഷത്തെ രക്ഷകൻ
The post ‘നമ്മുടെ സ്വപ്നമായിരുന്നു ഇത്’; ഇന്ത്യയുടെ ചരിത്ര വിജയം ആഘോഷിച്ച് മുന്‍ കേരള ഹോക്കി താരങ്ങള്‍ appeared first on Indian Express Malayalam.