കൊച്ചി:എറണാകുളത്തെ സമ്പൂർണമായി വാക്സിൻ കുത്തിവച്ച ജില്ലയാക്കി മാറ്റാനുള്ള ശ്രമത്തിലാണെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക്. ഇതിന് വേണ്ടിയുള്ള പരിശ്രമങ്ങൾ വളരെ വേഗത്തിൽ മുന്നേറുകയാണെന്നും വരുന്ന മൂന്ന് ദിവസങ്ങളിലായി 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമായിരിക്കും വാക്സിൻ വിതരണമെന്നും അദ്ദേഹം പറഞ്ഞു.
45 വയസിനു മുകളിൽ പ്രായമുള്ള മുഴുവൻ പേർക്കും ഗുരുതര രോഗബാധിതർക്കും ഉടൻ വാക്സിൻ ലഭ്യമാക്കാനുള്ള തീവ്രയജ്ഞത്തിലാണ് ജില്ലാ ഭരണകൂടം. ജില്ലയിലെ എല്ലാ സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിലും 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമായിരിക്കും വാക്സിൻ വിതരണം.
ഐ.എം.എ , ജില്ലയിലെ സ്വകാര്യ ആശുപത്രികൾ എന്നിവയുടെ സഹകരണത്തോടെ ഇതിനുവേണ്ടി പ്രത്യേക വാക്സിനേഷൻ പദ്ധതിക്ക് രൂപം നൽകിയിരിക്കുകയാണ്. നിലവിൽ ജില്ലയിൽ 60 വയസിന് മുകളിൽ പ്രായമുള്ള 98 ശതമാനം പേർക്കും 45 വയസിന് മുകളിൽ പ്രായമുള്ള 76 ശതമാനം പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകിയിട്ടുണ്ടെന്ന്കളക്ടർ അറിയിച്ചു.
വെള്ളി, ശനി, ഞായർ ദിവസങ്ങളിലെ പ്രത്യേക വാക്സിനേഷൻ പദ്ധതിക്കായി ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
Content Highlights:ernakulam bacame complete covid vaccinated district