സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് തെറ്റ് പറ്റിയെന്ന വിമർശനവുമായി പൊതുജനാരോഗ്യ വിദഗ്ധനായ ഡോ. എസ്.എസ്. ലാൽ. കേരള മോഡൽ എന്നൊക്കെ പറഞ്ഞ് ഊതി വീർപ്പിച്ച മിഥ്യാ ബോധത്തിന്റെ പ്രതിഛായ തടങ്കലിലാണ് കേരളം. കോവിഡ് രോഗം വന്നവരെ കുറ്റവാളികളേപ്പോലെ പരിഗണിച്ചു. ആരോഗ്യവിഷയത്തെ ക്രമസമാധാനപ്രശ്നമാക്കി മാറ്റി. തീരുമാനങ്ങൾ എടുക്കുമ്പോൾ അത് ബാധിക്കുന്നവരെ വിശ്വാസത്തിലെടുത്തില്ല എന്നും അദ്ദേഹം പറയുന്നു. ആരാണ് മുഖ്യമന്ത്രിക്ക് അത്തരം കാര്യങ്ങളിൽ ഉപദേശം നൽകുന്നത്. ജനങ്ങളുമായി ബന്ധമില്ലാത്ത സിപിഎം ബന്ധമുള്ള ഡോക്ടർമാരും സിനിമാക്കാരും പൊതുജനാരോഗ്യ വിദഗ്ധരെന്ന് സ്വയം വിശ്വസിക്കുന്നവരുമായവരുമാണ് തീരുമാനങ്ങളെടുക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. മാതൃഭൂമി ഡോട്ട് കോമുമായി നടത്തിയ വിശദമായ അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം.
കോവിഡ് പ്രതിസന്ധി സർക്കാർ കൈകാര്യം ചെയ്തതിൽ പാകപ്പിഴയുണ്ടായോ?
കോവിഡ് ലോകത്തിനെസംബന്ധിച്ച് പുതിയൊരു രോഗമാണ്. ശാസ്ത്രലോകത്തിനെ സംബന്ധിച്ചും അത് പുതിയതാണ്. വിദേശ രാജ്യങ്ങൾ പോലും പുതിയ രോഗമായാണ് അനുഭവിച്ചത്. അതുകൊണ്ട് തന്നെ ആദ്യത്തെ കുറേ മാസങ്ങൾ ആശയക്കുഴപ്പങ്ങൾ എല്ലാവർക്കുമുണ്ടായിരുന്നു. അത് ഒരുപരിധിവരെ പരിഹരിക്കപ്പെട്ടാണ് ലോകം ഇതിനെ കൈകാര്യം ചെയ്തുതുടങ്ങിയത്.
കേരളത്തിനെ സംബന്ധിച്ചിടത്തോളവും ലോകത്തിലെ മറ്റേതൊരു സ്ഥലം പോലെതന്നെ നമുക്കും ഇതൊരു പുതിയ പ്രതിസന്ധിയായിരുന്നു. കേരള മോഡൽ എന്നൊക്കെ ആവശ്യത്തിനും അനാവശ്യത്തിനും പറഞ്ഞിട്ട് കേരളത്തിലിതൊന്നും പകരില്ലായെന്ന ധാരണ സമൂഹത്തിലുണ്ടായി. സർക്കാരിനകത്തുപോലും അങ്ങനൊരു ധാരണയുണ്ടായി. ക്ഷയരോഗത്തിന്റെ കാര്യത്തിലും കുഷ്ഠരോഗത്തിന്റെ കാര്യത്തിലും കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാൾ മെച്ചമാണ്.
എന്നാൽ ഈ രോഗങ്ങളൊക്കെ ഇവിടെയുമുണ്ട്. അതുമൂലം ആളുകൾ മരിക്കുന്നുമുണ്ട്. മറ്റ് സംസ്ഥാനങ്ങളേക്കാൾ മെച്ചമാണെന്നത് യാഥാർഥ്യവും. ഇതിനെ കേരള മോഡൽ എന്നൊക്കെ പറഞ്ഞ് ഊതി വീർപ്പിച്ചതാണ് പ്രശ്നമായത്. നിപ്പ വന്നപ്പോഴാണ് ഈ പ്രശ്നം രൂക്ഷമായത്. നിപ്പയെ നമ്മൾ തുരത്തിയെന്നൊക്കെ പറഞ്ഞ് അനാവശ്യമായ പ്രചരണം നടത്തി. ജനങ്ങളിൽ ആത്മവിശ്വാസം നിറയ്ക്കണം അതിൽ ആർക്കും സംശയമില്ല. പക്ഷെ അതിന് യാഥാർഥ്യവുമായി ബന്ധമുള്ളതായിരിക്കണം.
കേരളത്തിലെ ആരോഗ്യവകുപ്പിനെ കണ്ടാൽ നിപ്പ പേടിച്ചോടുമെന്ന തരത്തിലുള്ള പ്രചരണമാണ് നടന്നത്. അങ്ങനെ അനാവശ്യമായ പ്രതിഛായയാണ് സ്വയം ഉണ്ടാക്കിയെടുത്തത്. കോവിഡ് വന്നപ്പോൾ ഈ പ്രതിഛായയുടെ തടവിലായിപ്പോയി നമ്മൾ. ഇവിടെ നമുക്ക് പേടിക്കേണ്ടതില്ലെന്ന തരത്തിലാണ് സംസ്ഥാനം അതിനോട് പ്രതികരിച്ചത്. രോഗവ്യാപനം തുടങ്ങിയപ്പോൾ വെളിയിൽ നിന്ന് വരുന്നവരെ എയർപോർട്ടിലിട്ട് വളയുക, അവരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുക ഇങ്ങനെ രോഗികളെ നാണംകെടുത്തുന്ന സ്ഥിതിയിലേക്ക് പോയി. പുറത്തുനിന്ന് വരുന്നവർ രോഗികളാണെന്ന ധാരണ സമൂഹത്തിൽ സൃഷ്ടിച്ചു. കുടുംബങ്ങളിൽ പോലും ബന്ധുക്കളെ കയറ്റാത്ത സ്ഥിതിയിലെത്തി. പിന്നെ പറഞ്ഞത് രോഗം പരത്തുന്നത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരാണെന്ന് പറഞ്ഞുനടന്നു.
ഇവിടൊക്കെ പറ്റിപ്പോയൊരു പിഴവെന്ന് പറഞ്ഞാൽ ഒരു സാംക്രമിക രോഗം വരുമ്പോൾ അതിനെ നേരിടേണ്ട ഒരു രീതിയുണ്ട്. ആ രീതികൾ പാടെ അവഗണിക്കപ്പെട്ടു. ചരിത്രത്തിലും ശാസ്ത്രത്തിലും അക്കാര്യങ്ങൾ പറയുന്നുണ്ട്. എന്നാൽ അതൊന്നുമല്ല ഇവിടെ അവലംബിച്ചത്.
സർക്കാർ ചെയ്ത തെറ്റുകൾ എന്തൊക്കെയാണ്. അതെങ്ങനെ പൊതുസമൂഹത്തെ ബാധിച്ചു?
കോവിഡിനെ കേരളം ഒരു രാഷ്ട്രീയ വിഷയമാക്കി മാത്രമല്ല ഇതിനെ ഒരു ക്രമസമാധാന പ്രശ്നമാക്കി മാറ്റി. കോവിഡെന്നത് ഒരു പൊതുജനാരോഗ്യ പ്രശ്നമാണ്. വേണമെങ്കിൽ ഇതിനെ ഒരു സാമൂഹ്യ വിഷയമെന്ന് പറയാം. ഇപ്പോഴത് സാമ്പത്തിക വിഷയമാണ്. രോഗം വരുന്നവർ കുറ്റവാളികളാണെന്ന തരത്തിൽ പോലീസിനെ ഉപയോഗിച്ച് ക്രമസമാധാന പ്രശ്നമാക്കുകയാണ് സർക്കാർ ചെയ്തത്. മന്ത്രിപോലും രോഗികളെ കുറ്റം പറയുന്ന സമയത്ത് ഞാൻ ഇടപെട്ടിരുന്നു.
രോഗം ആരുടെയും കുറ്റമല്ല. അവരെ കുറ്റപ്പെടുത്താൻ പാടില്ല. അങ്ങനെ ചെയ്താൽ രോഗം വരുന്നതിലുള്ള അപമാന ഭയം കാരണം ആളുകൾ രോഗവിവരം പുറത്തുപറയാത്ത സ്ഥിതിയുണ്ടാകും. ഇങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായി. എന്തുകൊണ്ടാണ് അത് സംഭവിച്ചത്? രാഷ്ട്രീയ നേതൃത്വം അതിനെ കൈകാര്യം ചെയ്യാൻ നോക്കി എന്നതാണ് പ്രധാനപ്പെട്ട കാരണം.
രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടൽ ആവശ്യമാണ്. കോവിഡ് രൂക്ഷമായിരുന്ന അമേരിക്കയിൽ പോലും സാംക്രമിക രോഗ വിദഗ്ധരെ ഒപ്പമിരുത്തിയാണ് കാര്യങ്ങൾ തീരുമാനിച്ചത്. ഇവിടെ ആലോചിച്ച് നോക്കു കേരളത്തിലെ ആരോഗ്യ വകുപ്പ് ഡയറക്ടറിനെ ആരെങ്കിലും പുറത്തുകണ്ടിരുന്നോ. ഒരു ആരോഗ്യവകുപ്പ് ഡയറക്ടർ ജോലി രാജിവെച്ച് പോവുകയും ചെയ്തു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടടറിനെ ആരെങ്കിലും കണ്ടോ. ഒരു നാട്ടിൽ പൊതുജനാരോഗ്യ പ്രശ്നം ഉണ്ടായാൽ അത് കൈകാര്യം ചെയ്യേണ്ടത് നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളാണ്. കേരളത്തിൽ അതിന്റെ അതോറിറ്റിയെന്നത് ആരോഗ്യവകുപ്പ് ഡയറക്ടറാണ്. അല്ലാതെ ഹെൽത്ത് സെക്രട്ടറിയോ മന്ത്രിയോ ഒന്നുമല്ല.
മന്ത്രിയും സെക്രട്ടറിയും ഇല്ലെങ്കിലും ആരോഗ്യവകുപ്പ് പ്രവർത്തിക്കും. ഗവർണർ ഭരണമാണെങ്കിൽ പോലും ആരോഗ്യവകുപ്പ് പ്രവർത്തിക്കും. അതിനുള്ള സംവിധാനം താഴേക്കിടയിൽ വരെയുണ്ട്. എന്ത് സാംക്രമിക രോഗം വന്നാലും ഇതിലൂടെയാണ് അതിനെ കൈകാര്യം ചെയ്യേണ്ടത്. എന്നാൽ ഇവരെ കാഴ്ചക്കാരാക്കി മാറ്റിയിട്ട് ആരോഗ്യമന്ത്രിയും സെക്രട്ടറിയും ആരൊക്കെയോ സ്വയം വിദഗ്ധരായി ചമഞ്ഞ് നാട്ടിൽ കേട്ടുകേൾവിയില്ലാത്ത സംവിധാനമാണ് ഇവിടെയുണ്ടാക്കിയത്.
എന്നിട്ടതിനകത്ത് വിഷയവുമായി യാതൊരു ബന്ധവുമില്ലാത്തവരെ ചേർത്ത് ഒരു സാങ്കേതിക സമിതിയുണ്ടാക്കി. ഡോക്ടർമാരിൽ മുഴുവൻ സ്വാധീനമുള്ള ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെ പുറത്തുനിർത്തി.
ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ തീരുമാനങ്ങൾ എടുക്കേണ്ടത് സർക്കാരല്ലെ?
തീർച്ചയായും സർക്കാരാണ് ഇങ്ങനെ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ തീരുമാനങ്ങൾ എടുക്കേണ്ടത്. പക്ഷെ വലിയൊരു വിഭാഗം ഡോക്ടർമാരെ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെ പുറത്തുനിർത്തിയത് വലിയൊരു തെറ്റാണ്. ഇപ്പോൾ നോക്കും ഐഎംഎ പറയും പിറ്റേന്ന് സർക്കാർ അത് നടപ്പിലാക്കും. അവർ പറയുന്നത് പത്രത്തിലൂടെയും ടെലിവിഷനിൽ കൂടെയുമാണ്. മുഖ്യമന്ത്രിയോട് ഐഎംഎയ്ക്കും, സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയ്ക്കും മാധ്യമങ്ങളിൽ കൂടി സംസാരിക്കേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്.
രോഗികളെ പരിചരിക്കാൻ പെടാപ്പാട് പെട്ട കെജിഎംഒഎയോ, നഴ്സസ് അസോസിയേഷനെയോ ഐഎംഎയോ സാങ്കേതിക സമിതിയിൽ ഉൾപ്പെടുത്തിയില്ല. അതിനകത്ത് സിപിഎം ബന്ധമുള്ള ഡോക്ടർമാരും സിനിമാക്കാരും പൊതുജനാരോഗ്യ വിദഗ്ധരെന്ന് സ്വയം വിശ്വസിക്കുന്നവരുമാണ്.
എല്ലാ സജ്ജീകരണങ്ങളുമുള്ള കേരളം പോലൊരു സംസ്ഥാനം കോവിഡ് മഹാമാരി വന്നപ്പോൾ അവർക്കിഷ്ടമുള്ളവരുടെ കൈയിലേക്ക് ഏൽപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഈ സാങ്കേതിക സമിതി പറയുന്നത് മുഴുവനും മണ്ടത്തരമാണ്. കഴിഞ്ഞ ഏഴെട്ട് മാസമായി അങ്ങനൊന്നുണ്ടോയെന്ന് പോലും അറിഞ്ഞുകൂട.
ശാസ്ത്രം പഠിച്ച ഒരാളും മുഖ്യമന്ത്രിയെ ഇങ്ങനെ ഉപദേശിക്കില്ല. ചില ജില്ലകളിൽ പോലീസ് സൂപ്രണ്ടുമാരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ഇതൊരു ക്രമസമാധാന പ്രശ്നമല്ല എന്നതാണ് ആദ്യം മനസിലാക്കേണ്ടത്. ആരോഗ്യമേഖലയുമായി ബന്ധമില്ലാത്തവരെ വെച്ച് കാര്യങ്ങൾ നിയന്ത്രിച്ചു, കടകൾ തുറക്കുന്നതിന്റെ കാര്യം വന്നപ്പോൾ വ്യവസായികളെ പോലും വിശ്വാസത്തിലെടുത്തില്ല. വിഷയം നേരിട്ട് കൈകാര്യം ചെയ്തിരുന്ന ആരെയും സാങ്കേതിക സമിതിയിൽ ഉൾപ്പെടുത്തിയിരുന്നില്ല.
അജ്ഞാതരായ വിദഗ്ധരാണ് സാങ്കേതിക സമിതിയിലുള്ളത്. കമ്മിറ്റിയിൽ പേരുണ്ടായിരുന്ന ആളുകളോട് ചോദിക്കുമ്പോൾ ഞങ്ങളിതിലില്ലെന്നാണ് പലരും പറഞ്ഞത്. അല്ലെങ്കിൽ ഈ അഭിപ്രായം എന്റേതല്ല എന്ന് പറയും. അപ്പോൾ ആരാണ് ഈ ഉപദേശങ്ങളൊക്കെ കൊടുക്കുന്നത്. കോവിഡ് രോഗികളെ കൊണ്ടുവരാൻ പ്രത്യേക വിമാനം വേണമെന്ന് വരെ മുഖ്യമന്ത്രിയെക്കൊണ്ട് പറയിച്ചുകളഞ്ഞു ഇവർ.
മത്സ്യത്തൊഴിലാളികളുടെ ഗ്രാമത്തിൽ പോലീസിന്റെ റൂട്ട് മാർച്ച്. ജനങ്ങളെ പേടിപ്പിക്കാൻ പാവപ്പെട്ടവന്റെ അടുത്ത് റൂട്ട് മാർച്ച്. എല്ലാം തലതിരിഞ്ഞ പരിപാടികളായിരുന്നു. ഇതൊക്കെ ചൂണ്ടിക്കാണിക്കുമ്പോൾ അതിന് രാഷ്ട്രീയമായ മറുപടിയാണ് നൽകുന്നത്. സാമാന്യബുദ്ധി മതി ഇങ്ങനെയൊക്കെ ചെയ്യരുതെന്ന് അറിയാൻ. സർക്കാരിന് സുതാര്യതയില്ലായിരുന്നു.
കോവിഡ് മരണത്തിൽ കള്ളക്കളിയുണ്ടോ?
കഴിഞ്ഞ ഒരുവർഷമായി മരണനിരക്കിൽ കള്ളത്തരമുണ്ടെന്ന് ഞാൻ പറയുന്നു. എന്തിനാണ്, മരണം കുറവാണെന്ന് കാണിക്കാനായിട്ട്. ഇപ്പോ തിരിച്ചുകിട്ടിയ മരണത്തിന്റെ കണക്ക് എവിടെ കൊള്ളിക്കണമെന്നറിയാതെ കുഴയുകയല്ലെ. അതും പൊതിഞ്ഞ് വെച്ചിരിക്കുന്നു.
കള്ളക്കണക്ക് പറയാത്തവരാണ് കേരളമെന്ന് പൊതുവെയൊരു ധാരണയുണ്ട്. ഇവിടുത്തെ ഡാറ്റ വിശ്വസിക്കാമെന്ന കരുതിയിരുന്നു. ഇനി ആരെങ്കിലും കേരളത്തിന്റെ കണക്കുകൾ വിശ്വസിക്കുമോ. അപ്പോൾ പറയില്ലെ പണ്ടിവർ കള്ളം പറഞ്ഞിട്ടുണ്ടെന്ന്. മരിച്ചവരുടെ കുടുംബങ്ങൾക്ക് കിട്ടേണ്ട ധനസഹായം കിട്ടാതാക്കിയില്ലെ. ലോകാരോഗ്യസംഘടനയുടെയും കേന്ദ്രത്തിന്റെയും നിർദ്ദേശങ്ങൾക്ക് കടകവിരുദ്ധമായാണ് മരണം രേഖപ്പെടുത്തിയിരുന്നത്. കൃത്യമായ മരണനിരക്ക് കൊടുത്തിരുന്നുവെങ്കിൽ പോലും കേരളത്തിലെ കോവിഡ് മരണനിരക്ക് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളേക്കാൾ കുറവായിരുന്നു. പിന്നെന്തിനാണ് കള്ളത്തരം കാണിച്ചത്. റാങ്ക് കിട്ടിയിട്ട് മാർക്ക് തിരുത്തുന്നതുപോലെയാണ് അത്്.
പുതിയ ലോക്ക് ഡൗൺ നിയന്ത്രണങ്ങളേപ്പറ്റിയെന്താണ് അഭിപ്രായം?
തടഞ്ഞുനിർത്തിയ വെള്ളം പെട്ടന്ന് തുറന്ന് വിടുന്നതുപോലെയാണിത്. അമേരിക്കയിലൊക്കെ തുടക്കം മുതൽ തന്നെ കടകളുടെ പ്രവർത്തന സമയം കൂട്ടണമെന്ന ആവശ്യമാണ് ഉയർന്നത്. കൂടുതൽ സമയം പ്രവർത്തിച്ചാൽ കടകളിലെത്തുന്ന ആളുകളുടെ തിരക്ക് കുറയും. അങ്ങനെയാണ് ചെയ്യേണ്ടിയിരുന്നത്. ഇപ്പോ സർക്കാരിന് അത് ബോധ്യപ്പെട്ടു. സിപിഎം ബന്ധമുള്ള ഡോക്ടർമാരും അത് സർക്കാരിനോട് പറയാൻ തുടങ്ങി കടകൾ അടച്ചിടുന്നതൊക്കെ തെറ്റാണെന്ന്. എന്നിട്ടും അവർക്ക് മിഥ്യാബോധം നിൽക്കുകയാണ്. അതുകൊണ്ടാണ് ഞായറാഴ്ച ഒഴിവാക്കുന്നത്. എന്തിനാണ് ഞായറാഴ്ച, അന്ന് വൈറസിന് പേടിയാകുമോ, അതോ വൈറസിന് അവധിയാണോ?
എല്ലാദിവസവും തുറക്കണം. 24 മണിക്കൂറും തുറക്കാൻ പറ്റുന്നവരെ അത് അനുവദിക്കണം. ഞായറാഴ്ച ഇപ്പോളും ലോക്ക്ഡൗൺ വെച്ചിരിക്കുന്നത് തെറ്റ് തന്നെയാണ്. നമ്മൾ തടയേണ്ടത് വൈറസിനെയാണ്, മനുഷ്യരെയല്ല. മനുഷ്യരുടെ സ്വതന്ത്ര വിഹാരം അനുവദിക്കുമ്പോഴും രോഗബാധയുണ്ടാകുന്ന തരത്തിൽ അവർ കൂട്ടം കൂടാതെ നോക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.
കടയിൽ പോകണമെങ്കിൽ ആർടിപിസിആർ ടെസ്റ്റ് നെഗറ്റീവാകണമെന്നാണ് പറയുന്നത്. അതൊക്കെ സാധ്യമായ കാര്യമാണോ. സർക്കാർ നിരക്ക് തന്നെ 500 രൂപയോളമാണ്. ഇതും പോരാഞ്ഞിട്ട് വാക്സിനെടുത്തവർക്ക് മാത്രമേ കടയിൽ പോകാനാകു. വാക്സിനെടുക്കാനാകാത്തത് ആളുകളുടെ കുറ്റമല്ലല്ലോ. വാക്സിനെടുക്കാത്തവർക്ക് അവശ്യസാധനങ്ങൾ വാങ്ങാൻ പുറത്തുപോകാനാകില്ലെ. മനുഷ്യന്റെ അവശ്യ സാധനങ്ങൾ പ്രായമനുസരിച്ച് നിശ്ചയിക്കാൻ പറ്റുമോ.
ജനങ്ങൾ വൈകാരികമായി ഉദ്യോഗസ്ഥരോട് പ്രതികരിക്കുന്നു. ഇതിനെ എങ്ങനെ കാണുന്നു?
പോലീസിനെ ശീലിപ്പിച്ചിരിക്കുന്നത് ജനവിരുദ്ധരായാണ്. അത് വളരെ കഷ്ടമാണ്. ഒറ്റയ്ക്ക് വാഹനങ്ങളിൽ പോകുന്നവരെ തടഞ്ഞ് നിർത്തി ഫൈനിടിപ്പിക്കുന്നവരായി മാറി. ബ്രിട്ടീഷ് സർക്കാരിലെ ഉദ്യോഗസ്ഥരെന്നാണ് പലരുടെയും വിചാരം. സ്വന്തം നാട്ടിലെ ജനങ്ങളെ സേവിക്കാനുള്ള ഉദ്യോഗസ്ഥരാണ് രാജാക്കൻമാരേപ്പോലെ പെരുമാറുന്നത്. റോഡിൽ സഞ്ചരിക്കുന്നവർക്കെല്ലാമതറിയാം. ജനങ്ങളെ ശിക്ഷിക്കാൻ അധികാരമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് അധികവും.
ചായക്കച്ചവടം ചെയ്യുന്നവനെ, പുല്ലുവെട്ടുന്നവനെ ഒക്കെ കേറി ഫൈനടിക്കുന്നു. ഇതൊക്കെ വലിയ കഷ്ടമാണ്. ജനങ്ങളും പോലീസും തമ്മിൽ സംഘർഷത്തിന് ഇത് കാരണമാകും. ഇപ്പോഴത്തെ സാഹചര്യമെന്താണെന്ന് വെച്ചാൽ സർക്കാരിനും ജനങ്ങൾക്കും അധികാരികൾക്കും, പോലീസിനും, ആരോഗ്യപ്രവർത്തകർക്കും ആശയക്കുഴപ്പം നിലനിൽക്കുന്നുവെന്നതാണ്. എന്താണ് നടക്കുന്നതെന്ന് ആർക്കും മനസിലാകുന്നില്ല. അത് വല്ലാത്തൊരു ദുരവസ്ഥയാണ്.
Content Highlights: Officials harass people like kings; CM gets stupid Advises-ss lal interview