Tokyo Olympics 2021: ഹരിയാനയിലെ നഹാരി എന്ന കൊച്ചു ഗ്രാമത്തില്‍ നിന്ന് വന്ന രവി കുമാര്‍ ദഹിയ ലോക കായിക മാമാങ്ക വേദിയില്‍ തല ഉയര്‍ത്തി വെള്ളി മെഡല്‍ അണിഞ്ഞു. എന്നാല്‍ 23 കാരനായ രവി കുമാറിന്റെ ഗോദയിലേക്കുള്ള വഴികള്‍ അത്ര എളുപ്പമായിരുന്നില്ല.
വെള്ളവും കറന്റുമൊന്നും ഇന്നും കൃത്യമായി ലഭിക്കാത്ത നഹാരിയില്‍ നിന്നുള്ള വളര്‍ച്ചയ്ക്ക് വളമേകിയത് പിതാവ് രാകേഷ് തന്നെയായിരുന്നു. പ്രസിദ്ധമായ ഛത്രസാലിലെ പരിശീലകനായ സത്പാല്‍ സിങ്ങിന്റെ കരങ്ങളും ഈ നേട്ടത്തിന് പിന്നിലുണ്ട്.
സത്പാല്‍ ജി രാജ്യത്തിലെ തന്നെ മികച്ച പരിശീലകനാണെന്നും, ഏതൊരു ഗുസ്തി താരവും അദ്ദേഹത്തിന്റെ കീഴില്‍ പഠിക്കാന്‍ ആഗ്രഹിക്കുമെന്നുമാണ് രാകേഷ് പറയുന്നത്. കൗമാര പ്രായത്തിലെത്തുന്നതിന് മുന്‍പ് തന്നെ രവിയുടെ മികവ് സത്പാല്‍ മനസിലാക്കിയിരുന്നു.
രാജ്യത്തെ തന്നെ മുന്‍നിര അത്ലീറ്റുകള്‍ക്കൊപ്പം ഇടം പിടിക്കുമെന്ന സത്പാല്‍ സിങ്ങിന്റെ പ്രവചനം തെറ്റിയില്ല. ഒളിംപിക്സില്‍ ഗുസ്തിയില്‍ വെള്ളി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാകാന്‍ രവി കുമാറിനായി. ഇതിന് മുന്‍പ് സുശീര്‍ കുമാറാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
ഛത്രസാലിലെ പരീശീലന ക്യാമ്പിലേക്ക് വീട്ടില്‍ നിന്നും പത്ത് കിലോ മീറ്ററോളം സഞ്ചരിച്ചാണ് പിതാവ് രാകേഷ് രവിക്ക് ഭക്ഷണം എത്തിച്ച് നല്‍കിയിരുന്നത്. പിന്നീട് തിരികെയെത്തി കൃഷിയില്‍ നിന്ന് വരുമാനവും കണ്ടെത്താന്‍ അദ്ദേഹം ശ്രമിച്ചു. ആ വരുമാനത്തിലാണ് കുടുംബം മുന്നോട്ട് പോയത്.
മെഡലിലേക്കുള്ള രവി കുമാറിന്റെ ത്യാഗങ്ങളും ചെറുതല്ല. പരിശീലനത്തില്‍ മുഴുകിയ രവി കുമാന്‍ തന്റെ വീട്ടില്‍ എത്തിയിട്ട് തന്നെ മാസങ്ങളായി. ഏറ്റവും അടുത്ത കുടുംബാംഗത്തിന്റെ വിവാഹത്തിന് പോലും എത്തിയില്ല. പക്ഷെ ആ പരിഭവങ്ങളെല്ലാം വെള്ളി മെഡല്‍ കൊണ്ട് നികത്തി താരം.
രവിയുടെ മെഡല്‍ നേട്ടം കേവലം ആഘോഷത്തിനുള്ള ഒന്നല്ല നഹാരിയിലെ ജനങ്ങള്‍ക്ക്. അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഈ നേട്ടം കൊണ്ട് സാധിക്കുമെന്ന പ്രതീക്ഷ ഗ്രാമ നിവാസികള്‍ക്കുണ്ട്. ദീര്‍ഘ നാളായുള്ള ആശുപത്രിയെന്ന ആവശ്യം, മുടങ്ങാതെ വെള്ളവും കറന്റും വെള്ളിത്തിളക്കത്തില്‍ ഗ്രാമത്തിലും ശോഭയുണ്ടാകുമെന്നാണ് രാകേഷിന്റെ പ്രതീക്ഷ.
Also Read: തല ഉയര്‍ത്തി രവി കുമാര്‍; ഗോദയില്‍ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം
The post മകന് ഭക്ഷണം കൊടുക്കാനായി കിലോമീറ്ററുകള്‍ സഞ്ചരിച്ച പിതാവ്, സത്പാല്‍ ജിയുടെ പരിശീലനം; രവി കുമാറിന്റെ വിജയം ഇവരുടേത് കൂടിയാണ് appeared first on Indian Express Malayalam.