മലപ്പുറം: മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരേ രൂക്ഷവിമർശനവുമായി ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മൊയീൻ അലി. ചന്ദ്രിക ദിനപത്രത്തിലെ പണമിടപാട് കേസിൽ ഹൈദരലി തങ്ങൾക്ക് ഇ.ഡിയുടെ നോട്ടീസ് കിട്ടാൻ കാരണം കുഞ്ഞാലിക്കുട്ടിയാണ്. കഴിഞ്ഞ 40 വർഷമായി മുസ്ലീം ലീഗിന്റെ ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണെന്നും മൊയീൻ അലി തുറന്നടിച്ചു.
ചന്ദ്രികയിലെ എല്ലാ സാമ്പത്തിക പ്രശ്നങ്ങൾക്കും ഉത്തരവാദി കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിം കുഞ്ഞുമാണെന്നും ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങൾ വിശദീകരിക്കാൻ ലീഗ് ഹൗസിൽ വിളിച്ച വാർത്താ സമ്മേളനത്തിൽ മൊയീൻ അലി ആരോപിച്ചു. ചന്ദ്രികയിലെ പ്രശ്നങ്ങൾ മൂലം ഹൈദരലി തങ്ങൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും മൊയീൻ അലി തങ്ങൾ പറഞ്ഞു.
പാർട്ടി കുഞ്ഞാലിക്കുട്ടിയിൽ മാത്രം ചുരുങ്ങിപ്പോയി.ചന്ദ്രികയിലെ ഫിനാൻഡ് ഡയറക്ടറായ ഷമീർ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണ്. ഷമീർ ചന്ദ്രികയിൽ വരുന്നതുപോലും താൻ കണ്ടിട്ടില്ല. ഇത്തരത്തിലുള്ള കെടുകാര്യസ്ഥതയാണ് 12 കോടിയുടെ ബാധ്യതയിലേക്ക് വരെ എത്തിച്ചത്. എന്നിട്ടും ഫിനാൻസ് ഡയറക്ടറെ സസ്പെൻസ് ചെയ്യാനുള്ള നടപടിയുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.
ചന്ദ്രികയുടെ അഭിഭാഷകൻ മുഹമ്മദ് ഷാ വിളിച്ച വാർത്താ സമ്മേളനത്തിലായിരുന്നു മൊയീൻ അലി കുഞ്ഞാലിക്കുട്ടിക്കെതിരേ തുറന്നടിച്ചത്. അതേസമയം കുഞ്ഞാലിക്കുട്ടിക്കെതിരേ ആരോപണം ഉന്നയിച്ചതോടെ വാർത്താ സമ്മേളനത്തിനിടെ മൊയീൻ അലിക്കെതിരേ മുസ്ലീം ലീഗ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. ഇതോടെ വാർത്താ സമ്മേളനം നിർത്തിവയ്ക്കുകയായിരുന്നു.
content highlights:moyeen ali thangal allegation against pk kunhalikutty