Tokyo Olympics 2021: ഗോദയില്‍ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം. പുരുഷന്മാരുടെ 57 കിലോ ഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ രവി കുമാര്‍ ദഹിയയാണ് വെള്ളി നേടിയത്. ഫൈനലില്‍ റഷ്യയുടെ സ്വർ റിസ്വനോവിച്ച് ഉഗുവേവിനോടാണ് പരാജയപ്പെട്ടത്. സ്കോര്‍ 7-4.
അതിശയകരമായ തിരിച്ചുവരവിലൂടെയാണ് 57 കിലോ ഗ്രാം വിഭാഗം ഫ്രീസ്റ്റൈലില്‍ രവി ഫൈനലിലെത്തിയത്. സെമിയില്‍ കസാഖ് താരം സനായേവിനെ അവസാന നിമിഷങ്ങളിലാണ് മറികടന്നത്. ഒരുവേള 2-9 എന്ന നിലയില്‍ പിന്നിലായിരുന്നിട്ടും രവിയുടെ പോരാട്ട വീര്യം ഫൈനലിലേക്കുള്ള വാതില്‍ തുറന്നു.
കൊളംബിയയുടെ ഓസ്കർ അർബനോയെ 13-2 എന്ന സ്കോറിന് തകർത്ത് ക്വാർട്ടറിലെത്തിയ രവികുമാർ ബൾഗേറിയയുടെ ജോർജി വാംഗളോവിനെ 14-4 എന്ന സ്കോറിന് കീഴടക്കിയായിരുന്നു സെമി ഫൈനല്‍ ഉറപ്പിച്ചത്.
ഒളിംപിക് ചരിത്രത്തില്‍ ഗുസ്തിയില്‍ ഇന്ത്യ ആദ്യമായി ഒരു മെഡല്‍ നേടിയത് 1952 ഹെല്‍സിങ്കി ഗെയിംസിലാണ്. കെ.ഡി ജാധവായിരുന്നു ചരിത്ര നേട്ടം കുറിച്ചത്. പിന്നീട് മറ്റൊരു മെഡലിനായി അര നൂറ്റാണ്ടോളം കാത്തിരിക്കേണ്ടി വന്നു.
2008 ബെയ്ജിങ് ഒളിംപിക്സില്‍ സുശീല്‍ കുമാര്‍ ഇന്ത്യയുടെ അഭിമാനമായി. അന്ന് വെങ്കലം നേടിയ സുശീല്‍ 2012 ലണ്ടണ്‍ ഒളിംപിക്സില്‍ നേട്ടം വെള്ളിയിലേക്ക് എത്തിച്ചു. ലണ്ടണില്‍ തന്നെ വെങ്കലം നേടി യോഗേശ്വര്‍ ദത്തും മെഡല്‍ നിരയിലേക്ക് എത്തി.
2016 റിയോ ഒളിംപിക്സിലാണ് ഗുസ്തിയില്‍ ആദ്യമായൊരു വനിതാ താരം ഇന്ത്യയ്ക്കായി മെഡല്‍ നേടിയത്. സാക്ഷി മാലിക്ക് 58 കിലോ ഗ്രാം വിഭാഗത്തില്‍ പൊരുതി നേടുകയായിരുന്നു വെങ്കലം.
Also Read: പി.ആർ ശ്രീജേഷ്; ഇന്ത്യയുടെ അവസാന നിമിഷത്തെ രക്ഷകൻ
The post തല ഉയര്‍ത്തി രവി കുമാര്‍; ഗോദയില്‍ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം appeared first on Indian Express Malayalam.