തിരുവനന്തപുരം: സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ കോവിഡ് മാനദണ്ഡങ്ങൾ തിരുത്തില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രായോഗികമായ നിർദേശങ്ങളാണ്പുറത്തിറക്കിയതെന്നും മാറ്റം വരുത്തേണ്ടതില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. കടകൾ തുറക്കുമ്പോൾ പ്രദർശിപ്പിക്കേണ്ട നോട്ടീസ് സംബന്ധിച്ച് അവ്യക്തതയുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
കടകളിലെത്തുന്നവർ കോവിഡ് ടെസ്റ്റ് റിസൽറ്റ് അല്ലെങ്കിൽ വാക്സിനെടുത്തതിന്റെ രേഖ കയ്യിൽ കരുതണമെന്നാണ് ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. എന്നാൽ മന്ത്രി നിയമസഭയിൽ പറഞ്ഞ കാര്യങ്ങളല്ല ഉത്തരവിലുള്ളതെന്നും ഘടകവിരുദ്ധമായി പലതും ഉണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു.
ജനങ്ങൾക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന അപ്രായോഗികമായ പലതും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിലുണ്ടെന്നും പി.സി വിഷ്ണുനാഥ് എം.എൽ.എ ഉന്നയിച്ച ക്രമപ്രശ്നത്തിൽ പറയുന്നു. റൂൾ 300 പ്രകാരം മന്ത്രി പറഞ്ഞത് പോലെയല്ല ഉത്തരവിലുള്ളതെന്നും വിഷ്ണുനാഥ് പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഇതിനെ പിന്തുണച്ച് രംഗത്ത് വന്നു. സംസ്ഥാനത്ത് ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം അരങ്ങേറുന്നുവെന്നും 42 ശതമാനം പേർ മാത്രം വാക്സിനെടുത്ത കേരളത്തിൽ എങ്ങനെയാണ് ഇത്തരമൊരു ഉത്തരവ് നടപ്പിലാക്കുകയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഉത്തരവിൽ മാറ്റം വരുത്താനാകില്ലെന്ന് മന്ത്രി ആവർത്തിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
Content Highlights: wont change the newly implemented covid restrictions says Health Minister veena george