തിരുവനന്തപുരം: കേരളത്തിൽ നിന്നും കർണാടകത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് കർണാടക സർക്കാർ ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങൾ കേന്ദ്രസർക്കാരിന്റെ നിർദേശങ്ങൾക്ക് വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം സംസ്ഥാനത്തിന് അകത്തേക്കും പുറത്തേയ്ക്കുമുള്ള യാത്രകൾക്ക് വിലക്ക് ഏർപ്പെടുത്തി അതിർത്തികൾ അടയ്ക്കാൻ പാടുള്ളതല്ല.
നിയന്ത്രണം മൂലം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ വേണ്ട സജ്ജീകരണങ്ങൾ അതിർത്തിയിൽ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യാത്രക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ സംസ്ഥാന പോലീസ് മേധാവി കർണാടക ഡിജിപിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഡിജിപി ഉറപ്പ് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചികിത്സാവശ്യങ്ങൾക്കായി പോകുന്നവർക്കും അവശ്യ സേവന മേഖലയിലുള്ളവർക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ പോലീസ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കാസർകോട്നിന്നും സ്ഥിരമായി മംഗലാപുരത്തേക്ക് പോയി വരുന്ന യാത്രക്കാർക്ക് മുൻഗണന നൽകി കോവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം അതിർത്തിയിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നും നിയമസഭയിൽ സബ്മിഷനുള്ള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
രണ്ട് ഡോസ് കോവിഡ് വാക്സിനേഷൻ പൂർത്തീകരിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കിയിട്ടുള്ള ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് അതിനുള്ള അനുമതി നൽകുന്നതാണ്. യാത്രയ്ക്കായി ചെക്ക് പോസ്റ്റിൽ എത്തുന്നവരുടെ സംശയ ദൂരീകരണത്തിനും ക്രമസമാധാന പാലനത്തിനും ആവശ്യമായ പോലീസിനെയും നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കർണാടക നിർബന്ധമാക്കിയിട്ടുണ്ട്. ആഗസ്റ്റ് 2 മുതലാണ് അതിർത്തികളിൽ ഉദ്യോഗസ്ഥർ പരിശോധന തുടങ്ങിയത്.
content highlights:pinarayi vijayan against new covid restrictions imposed by karnataka