ടോക്യോ > ഒളിമ്പിക്സ് ഹോക്കിയിൽ നാല് പതിറ്റാണ്ടിനുശേഷം മെഡൽ എന്ന ഇന്ത്യയുടെ സ്വപ്നം പൂവണിഞ്ഞു. ജർമ്മനിയെ നാലിനെതിരെ അഞ്ച് ഗോളിന് തോൽപ്പിച്ച് ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് വെങ്കലം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പിന്നിട്ടുനിന്ന ശേഷമായിരുന്നു ഇന്ത്യയുടെ അവിശ്വസനീയമായ തിരിച്ചുവരവ്.
1980 മോസ്ക്കോ ഒളിമ്പിക്സില് സ്വര്ണം നേടിയശേഷം ഇതാദ്യമായാണ് ഹോക്കിയിൽ ഇന്ത്യ ഒളിമ്പിക്സില് ഒരു മെഡല് നേടുന്നത്. ഒളിമ്പിക്സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്. ഇതുവരെയായി എട്ട് സ്വര്ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം.
അവസാന നിമിഷങ്ങളിലെ പെനാൽറ്റി കോർണറുകൾ സേവ് ചെയ്ത മലയാളി താരം കീപ്പർ പി ആർ ശ്രീജേഷാണ് ഇന്ത്യയെ രക്ഷപ്പെടുത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രാന്ജീത് സിങ് ഇരട്ട ഗോളുകള് നേടിയപ്പോള് രൂപീന്ദര്പാല് സിങ്, ഹാര്ദിക് സിങ്, ഹര്മന്പ്രീത് സിങ് എന്നിവരും ലക്ഷ്യം കണ്ടു. ജര്മനിയ്ക്കായി ടിമര് ഓറസ്, ബെനെഡിക്റ്റ് ഫര്ക്ക്, നിക്ലാസ് വെലെന്, ലൂക്കാസ് വിന്ഡ്ഫെഡര് എന്നിവര് സ്കോര് ചെയ്തു.