ഓണത്തിനും സ്വാതന്ത്ര്യദിനത്തിനും ലോക്ക് ഡൗൺ ഇളവു നല്‍കാനും ശനിയാഴ്ചത്തെ അധിക നിയന്ത്രണങ്ങള്‍ എടുത്തുനീക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് പുതിയ നിര്‍ദേശമെന്നതാണ് ശ്രദ്ധേയം. സംസ്ഥാനത്തിൻ്റെ പുതിയ നയം അനുസരിച്ച് ആഴ്ചയിൽ ആറു ദിവസവും കടകള്‍ തുറക്കാം. എന്നാൽ ഇത്തരം ഇളവുകള്‍ വേണ്ടെന്ന നിലപാടിലാണ് കേന്ദ്രം.
ഓണം, മുഹറം, ജന്മാഷ്ടമി തുടങ്ങിയ ഉത്സവദിവസങ്ങളോട് അനുബന്ധിച്ച് ഇളവുകള്‍ നല്‍കരുതെന്നും ആഘോഷങ്ങള്‍ സൂപ്പര്‍ സ്പെഡറാകാൻ സാധ്യതയുണ്ടെന്ന് ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നുമാണ് ചീഫ് സെക്രട്ടറിമാര്‍ക്ക് നല്‍കിയിരിക്കുന്ന കത്തിൽ കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.
Also Read:
സംസ്ഥാനത്ത് മാസങ്ങളോളം നടപ്പാക്കിയ ലോക്ക് ഡൗണിനു ശേഷവും കൊവിഡ് കേസുകളുടെ എണ്ണവും ടിപിആറും ഉയര്‍ന്ന നിലയിൽ തന്നെ തുടരുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗൺ മാനദണ്ഡങ്ങള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നത്. വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവരുടെ കടുത്ത എതിര്‍പ്പിനു പിന്നാലെ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയായിരുന്നു. നിലവിൽ രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഈ സാഹചര്യത്തിൽ സ്ഥിതിഗതികള്‍ വിലയിരുത്താനായി എത്തിയ കേന്ദ്രസംഘം ഇന്നലെ മടങ്ങിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനുമായി സംസ്ഥാനത്തെ കൊവിഡ് 19 സാഹചര്യം ചര്‍ച്ച ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. കേരളത്തിലെ കൊവിഡ് 19 പ്രതിരോധം പരാജയമാണെന്നാണ് കേന്ദ്രസംഘത്തിൻ്റെ റിപ്പോര്‍ട്ടിലുള്ളതെന്നാണ് വിവിധ മാധ്യമങ്ങള്‍ പറയുന്നത്. രോഗനിയന്ത്രണത്തിനായി കടുത്ത നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെന്നും ഇതിനായി കേന്ദ്രസര്‍ക്കാരിൻ്റെ മുഴുവൻ പിന്തുണയും വാഗ്ദാനം ചെയ്തെന്നും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി.
Also Read:
കേരളത്തിൽ ആവശ്യത്തിന് പരിശോധനാ, ചികിത്സാ സംവിധാനങ്ങളില്ലെന്നും സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നതിൽ വീഴ്ചയുണ്ടെന്നുമാണ് കേന്ദ്രസംഘത്തിൻ്റെ റിപ്പോര്‍ട്ടിൽ പറയുന്നത്. സര്‍ക്കാര്‍ ആൻ്റിജൻ പരിശോധനയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നതെന്നും പല ജില്ലകളിലും ആവശ്യത്തിന് പരിശോധനാ സൗകര്യങ്ങള്‍ ഇല്ലെന്നും ഇക്കാര്യങ്ങള്‍ ഉദ്ധരിച്ചുള്ള കേരള കൗമുദി റിപ്പോര്‍ട്ടിൽ പറയുന്നു. വാക്സിനേഷൻ വര്‍ധിപ്പിക്കുന്നതോടൊപ്പം കൂടുതൽ പീഡിയാട്രിക് ഐസിയുകള്‍ ഉള്‍പ്പെടെ ഒരുക്കണമെന്നും നിര്‍ദേശമുണ്ട്.