കോഴിക്കോട്: ഒരു പൗരോഹിത്യസ്വീകരണച്ചടങ്ങ് ഇത്രമേൽ ഹൃദയസ്പർശിയായി മുമ്പൊരിക്കലും അവരനുഭവിച്ചിട്ടുണ്ടാകില്ല. ആർദ്രമായ സഹോദരസ്നേഹം തണലേകിയതുകൊണ്ടുമാത്രമാണ് തനിക്ക് പൗരോഹിത്യപട്ടം സഫലമായതെന്ന പുരോഹിതമൊഴി സദസ്സിലെ കണ്ണുകളെ ഈറനണിയിച്ചു.
പെരുമ്പാവൂർ ഐമുറി ആട്ടൂകാരൻ വീട്ടിൽ ഫാദർ നിഖിൽ ജോണിന്റെ ആദ്യ ദിവ്യബലിയാണ് വിശ്വാസികളുടെ ഹൃദയത്തിൽ തൊട്ടത്. കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ സാധിക്കുകയില്ലെന്ന ബൈബിൾ വചനം ജീവിതത്തിൽ അന്വർഥമാക്കുന്നതായിരുന്നു ഫാദർ നിഖിലിന്റെയും അനിയൻ അഖിലിന്റെയും ജീവിതം. അഖിൽ ജോൺ വേണ്ടെന്നുവെച്ച സുഖസൗകര്യങ്ങളും സഹിച്ച ത്യാഗങ്ങളുമാണ് തന്റെ പൗരോഹിത്യമെന്ന് ഫാ. നിഖിൽ പറഞ്ഞു. പൗരോഹിത്യസ്വീകരണച്ചടങ്ങിനിടെ നടത്തിയ ഈ ഉപകാരസ്മരണയാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലായത്. യൂട്യൂബിൽ മാത്രം ഒരുലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്. റോഗേഷനിസ്റ്റ് ഓഫ് ദ് ഹാർട്ട് ഓഫ് ജീസസ് സഭാംഗവും ആലുവ അക്കാദമി അധ്യാപകനുമാണ് ഫാദർ നിഖിൽ.
മാതാപിതാക്കളായ എ.ഒ. ജോണിയും മേരിയും മരിച്ചതോടെ അനാഥത്വത്തിന്റെ ഒറ്റപ്പെടലിലേക്ക് നീങ്ങിയ അഖിൽ, സാന്നിധ്യമാവശ്യപ്പെട്ട് തിരിച്ചുവിളിച്ചിരുന്നെങ്കിൽ വൈദികപട്ടത്തിലേക്ക് എത്തില്ലായിരുന്നുവെന്നാണ് യുവ വൈദികൻ ഉപകാരസ്മരണയിൽ പറഞ്ഞത്. ഒത്തിരി വേദനയിലും ബുദ്ധിമുട്ടിലും അഖിൽ ഒറ്റയ്ക്കായിരുന്നു. തനിക്കുകൂടിവേണ്ടി അധ്വാനിച്ചതിന്റെ ഫലമാണ് അവന്റെ കൈയിലുള്ള തഴമ്പും തൊലിനിറത്തിലുള്ള ഇരുട്ടും -നിഖിൽ പറഞ്ഞു.
പെരുമ്പാവൂർ ഐമുറി ചേരാനെല്ലൂർ ഗവ. സ്കൂളിൽനിന്ന് പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ് മാനന്തവാടിയിലെ റോഗേറ്റ് ഭവനിലേക്ക് വൈദികപഠനത്തിന് നിഖിൽ പോവുന്നത്. അടുത്തവർഷമാണ് പിതാവ് ജോണിയുടെ മരണം. വൈദികപട്ടത്തിലേക്ക് എത്തുന്നതിനുമുമ്പ് 2016-ൽ മാതാവും മരിച്ചു. അച്ഛൻ മരിക്കുമ്പോൾ കുടുംബത്തിന് കുറേയേറെ കടങ്ങളുമുണ്ടായിരുന്നു. വീട്ടുകാര്യങ്ങൾ നടത്താനും കടംവീട്ടാനുമായി അമ്മ വീടുകളിൽ ജോലിക്കുപോയി. ഒമ്പതിൽ പഠിക്കുകയായിരുന്ന അഖിൽ കോഴിക്കടയിലും കാറ്ററിങ് ജോലികൾക്കും പോയി. അവധിക്ക് വീട്ടിൽവന്ന ഫാ. നിഖിലും കാറ്ററിങ്ങിനും പോസ്റ്റർ ഒട്ടിച്ചും ഇവർക്ക് സഹായമേകി. ഇവരുടെ കഷ്ടപ്പാടുകൾ കണ്ടറിഞ്ഞ് നന്മയുള്ള പലരും സഹായഹസ്തമേകി.
2016 ജൂണിൽ അമ്മ കാൻസർ ബാധിച്ച് മരിച്ചതോടെ അനിയൻ ഒറ്റപ്പെട്ടു. എന്നാലും പരിഭവങ്ങളില്ലാതെ നിഖിലിന്റെ സ്വപ്നങ്ങൾക്കുവേണ്ടിയും അഖിൽ പ്രയത്നിച്ചു. അഖിൽ ഇപ്പോൾ ഖത്തറിൽ ഇലക്ട്രീഷ്യനാണ്. പൗരോഹിത്യച്ചടങ്ങിനുമുമ്പ് പുതിയവീട്ടിലേക്ക് താമസം മാറ്റണമെന്നതായിരുന്നു അഖിലിന്റെ ആഗ്രഹം. അതിനായി രാപകലില്ലാതെ ജോലിചെയ്തു. ഒരു അവശ്യഘട്ടത്തിൽപോലും ചേട്ടനെ ബുദ്ധിമുട്ടിക്കാതെ വീടുപണി പൂർത്തിയാക്കി. പൗരോഹിത്യച്ചടങ്ങിന്റെ തലേദിവസം പുതിയ വീട്ടിലേക്ക് മാറി. ജനുവരി നാലിനുനടന്ന പൗരോഹിത്യച്ചടങ്ങിന്റെ വീഡിയോ ജൂലായ് അവസാനത്തോടെയാണ് സാമൂഹികമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.