കൊച്ചി
പട്ടയഭൂമിയിലെ മരംമുറി കേസിൽ പ്രതികൾ ഭൂരിഭാഗവും കർഷകരും ഭൂവുടമകളുമാണെന്നും ഇവർക്കെതിരെ നിസാര കുറ്റങ്ങൾ മാത്രമെ തെളിഞ്ഞിട്ടുള്ളുവെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു.
ഈ സാഹചര്യത്തിലാണ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. പ്രധാന പ്രതികൾ ഇവരെ പറ്റിച്ചതാണന്നും ജാമ്യമില്ലാക്കുറ്റം ചുമത്താൻ ഉദ്ദേശിക്കുന്നില്ലെന്നും സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയതെന്നും എജി അറിയിച്ചു.
കേസിൽ അഗസ്റ്റിൻ സഹോദരന്മാർ അടക്കം ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തതായും അന്വേഷണസംഘം അറിയിച്ചു. പ്രതികളുടെ അറസ്റ്റ് സംബന്ധിച്ച് കോടതി വിശദീകരണം തേടിയതിനെ തുടർന്നാണ് അധിക സത്യവാങ്മൂലം നൽകിയത്.
അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജോർജ് വട്ടുകുളം സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. വൻതോതിലുള്ള മരംമുറിക്കുപിന്നിൽ സംസ്ഥാനതലത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ്. പട്ടയരേഖകളും മരംമുറി അനുമതിയുമായി ബന്ധപ്പെട്ട ആസൂത്രിത വില്ലേജ് രേഖകളും പരിശോധിച്ചു.
പട്ടയഭൂമിയിലെ മരങ്ങളുടെ എണ്ണവും മുറിച്ചതും നീക്കിയതുമായ മരങ്ങളുടെ എണ്ണവും സംബന്ധിച്ച് കലക്ടർമാരോടും റവന്യൂ കമീഷണറോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. പ്രതികളുടെയും പ്രധാന സാക്ഷികളുടെയും ഫോൺവിളി രേഖകൾ ശേഖരിച്ചു. ഇവ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചുവരികയാണ്. റോജി അഗസ്റ്റിന്റെയും രണ്ടാംപ്രതി ഷെമീറിന്റെയും ബാങ്ക് രേഖകളിലും പരിശോധന തുടരുകയാണ്. ഒന്നിലധികം കേസുകളിൽ ഉൾപ്പെട്ട പ്രതികളെ കുടുതൽ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയിട്ടുണ്ട്.
അന്വേഷണം ശരിയായ രീതിയിൽ പുരോഗമിക്കുകയാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കേസിലെ 68 പ്രതികളിൽ ചുരുക്കംപേരെയെ അറസ്റ്റ് ചെയ്തിട്ടുള്ളൂ എന്നും 100 രൂപ പിഴ ചുമത്താവുന്ന കേസുകളാണ് എടുത്തിട്ടുള്ളതെന്നും ഹർജിക്കാരൻ ബോധിപ്പിച്ചു. സത്യവാങ്മൂലം പരിഗണിച്ച കോടതി കേസ് വാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി.