കൊച്ചി
ജനറൽ ഇൻഷുറൻസ് ഭേദഗതി ബില്ലിനെതിരെ പൊതുമേഖലാ ജനറൽ ഇൻഷുറൻസ് ജീവനക്കാർ നടത്തിയ പണിമുടക്ക് പൂർണം. സംസ്ഥാനത്തൊട്ടാകെ ഏതാണ്ട് 25,000 പേർ പണിമുടക്കി. ഇൻഷുറൻസ് കമ്പനികളെ സ്വകാര്യവൽക്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ടുദിവസംമുമ്പ് ധനമന്ത്രി നിർമല സീതാരാമൻ പ്രതിപക്ഷ പ്രതിഷേധത്തെ അവഗണിച്ച് ബിൽ പാസാക്കിയതെന്ന് ജോയിന്റ് ഫോറം ഓഫ് ട്രേഡ് യൂണിയൻ ആൻഡ് അസോസിയേഷൻ (ജെഎഫ്ടിയു) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയിലെ നിർജീവമായ നൂറ്റെട്ടോളം സ്വകാര്യ ഇൻഷുറൻസ് കമ്പനികളെ 1972ലാണ് കേന്ദ്രസർക്കാർ ഏറ്റെടുത്ത് പൊതുമേഖലയിലേക്ക് മാറ്റിയത്. ജനറൽ ഇൻഷുറൻസ് കോർപറേഷനെ മാതൃകമ്പനിയാക്കിയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. പിന്നീട് മൻമോഹൻ സിങ് സർക്കാർ ഇൻഷുറൻസ് മേഖല സ്വകാര്യ കമ്പനികൾക്കുകൂടി തുറന്നുനൽകി.
ഇന്ന് രാജ്യത്ത് 28 സ്വകാര്യ ഇൻഷുറൻസ് കമ്പനികളുണ്ട്. രാജ്യത്ത് മൊത്തം സമാഹരിക്കുന്ന ജനറൽ ഇൻഷുറൻസ് പ്രീമിയത്തിന്റെ 50 ശതമാനംപോലും ഈ 28 കമ്പനികൾ സമാഹരിക്കുന്നില്ല. ഇതിനിടയിലാണ് നിലവിലുള്ള പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളെക്കൂടി സ്വകാര്യവൽക്കരിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ രംഗത്തിറങ്ങിയത്. രാജ്യത്തിന്റെ സമ്പദ്ഘടനയെ സാരമായി ബാധിക്കുന്ന ഈ ബിൽ പ്രതിപക്ഷ പ്രതിഷേധത്തെ അവഗണിച്ച് വെറും രണ്ടു മിനിറ്റിൽ താഴെ സമയമെടുത്താണ് പാസാക്കിയത്. കാര്യമായ ചർച്ചപോലും നടത്തിയിട്ടില്ല. സാധാരണക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ നഷ്ടമാകുമെന്ന ആശങ്ക നിലനിൽക്കുന്നു. വാഹന ഇൻഷുറൻസിന്റെ പ്രീമിയം അടക്കമുള്ള തുകകൾ വർധിക്കുന്നതിനും കാരണമാകുന്നു. ഈ സാഹചര്യത്തിലാണ് ഇൻഷുറൻസ് മേഖലയിലെ തൊഴിലാളി യൂണിയനുകൾ സംയുക്തമായി ജോയിന്റ് ഫോറം ഓഫ് ട്രേഡ് യൂണിയൻ ആൻഡ് അസോസിയേഷൻ (ജെഎഫ്ടിയു) രൂപീകരിച്ച് കേന്ദ്രസർക്കാർ നീക്കത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കുന്നത്. കൺവീനർ പി ആർ ശശി, കെ എസ് ബാലകൃഷ്ണൻ, എൻ സി ഉണ്ണിക്കൃഷ്ണൻ, വിജുപാൽ തെക്കേക്കര, വി അജയകുമാർ, മൺസൂർ എം സലിം, അൻവർ പാഷ, അയ്യപ്പൻകുട്ടിനായർ, സി എൻ കൃഷ്ണകുമാർ, പി കെ ഡിനേഷ് കുമാർ, കെ ജി മാത്യു, പി ടി പ്രദീപ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.