തിരുവനന്തപുരം
സച്ചാർ കമീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിനായി രൂപീകരിച്ച പാലോളി കമ്മിറ്റിയുടെ ശുപാർശകളിലേതെങ്കിലും നടപ്പാക്കാത്തതുണ്ടെങ്കിൽ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യത്തിൽ തുറന്ന മനസ്സാണ് സർക്കാരിനുള്ളത്. ന്യൂനപക്ഷങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിൽ സർക്കാർ എന്നും മുന്നിലാണ്. ഈ പ്രശ്നം ഇപ്പോൾ ഉയർത്തുന്നതിനു പിന്നിലെ കാരണം പരിശോധിക്കണം. പരാതിക്ക് ഇടനൽകാതെയാണ് സ് കോളർഷിപ് വിഷയത്തിൽ സർക്കാർ തീരുമാനമെടുത്തത്.
ആർക്കൊക്കെ അർഹതയുണ്ടോ അവർക്കെല്ലാം സ്കോളർഷിപ് ലഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയതാണ്. എന്നിട്ടും ചിലർക്ക് ആശങ്ക വരുന്നത് എന്തുകൊണ്ടെന്നറിയില്ല. അനാവശ്യമായ വിവാദത്തിന് ചിലർ ശ്രമിക്കുന്നതിൽ മറ്റുചില താൽപ്പര്യങ്ങളുണ്ട്. നമ്മുടെ നാടിന്റെ തനിമ നിലനിർത്താനാണ് കൂട്ടായി ശ്രമിക്കേണ്ടത്.ന്യൂനപക്ഷ വിഷയങ്ങളിൽ സംസ്ഥാന സർക്കാരിന്റെ അധികാരം നിലനിർത്തുന്നതിനാണ് സുപ്രീംകോടതിയിൽ അപ്പീൽ പോകുന്നത്. കോടതിയിൽ സർക്കാരിന് തട്ടോ തലോടലോ കിട്ടുമോ എന്നതല്ല പ്രശ്നം. നമുക്കുള്ള അധികാരം ലഭിക്കലാണ് പ്രധാനം.പാലോളി കമ്മിറ്റി റിപ്പോർട്ട് വന്നശേഷം എൽഡിഎഫും യുഡിഎഫും അധികാരത്തിൽ വന്നിട്ടുണ്ട്. മദ്രസാ ക്ഷേമനിധിയിൽ എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ പരിഹരിക്കുമെന്നും ചോദ്യങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.















