തിരുവനന്തപുരം
പൊതുവിദ്യാഭ്യാസ രംഗത്തെ ശാക്തീകരിക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിദ്യാകിരണം പദ്ധതിക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. വെബ്സൈറ്റിനും മുഖ്യമന്ത്രി തുടക്കം കുറിച്ചു. പദ്ധതിയിലൂടെ എല്ലാ വിദ്യാർഥികൾക്കും ഡിജിറ്റൽ പഠനോപകരണം ലഭ്യമാക്കും.
പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന് സമാനമായ ജനകീയ ഇടപെടലാണ് ലക്ഷ്യം. വ്യക്തികൾ, സംഘടനകൾ, കമ്പനികൾ തുടങ്ങിവർക്ക് വെബ്സൈറ്റായ https://vidyakiranam.kerala.gov.in ലൂടെ സഹായം നൽകാം. ഒരു പ്രദേശത്തെ സ്കൂളിനെ പ്രത്യേകമായി സഹായിക്കുന്നതിനും സംവിധാനമുണ്ട്. എത്ര കുട്ടികൾക്ക് പഠനോപകരണം നൽകാൻ ഉദ്ദേശിക്കുന്നുവെന്നും രേഖപ്പെടുത്താം. കമ്പനികൾക്ക് സിഎസ്ആർ ഫണ്ടും സംഭാവനയായി നൽകാം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ വിദ്യാഭ്യാസ രംഗത്ത് പദ്ധതികൾ നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, എം വി ഗോവിന്ദൻ, പി രാജീവ്, ആന്റണി രാജു, കെ രാധാകൃഷ്ണൻ, അഹമ്മദ് ദേവർകോവിൽ, ചീഫ് സെക്രട്ടറി വി പി ജോയി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് തുടങ്ങിയവരും പങ്കെടുത്തു.















