കോഴിക്കോട്
ഇഡി അന്വേഷണവും കള്ളപ്പണവും അഴിമതിയുമായി മുസ്ലിംലീഗ് പ്രതിസന്ധിയിൽ. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യംചെയ്തില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞുതീരുംമുമ്പ് ഇഡിയുടെ പുതിയ നോട്ടീസ് ലഭിച്ചു. കെ ടി ജലീൽ എംഎൽഎയുടേത് രാഷ്ട്രീയ ആരോപണമെന്ന് നിസ്സാരവൽക്കരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുഞ്ഞാലിക്കുട്ടിയും കൂട്ടരും കൂടുതൽ പ്രതിരോധത്തിലായത്. കഴിഞ്ഞദിവസം ലീഗ് സംസ്ഥാന ഭാരവാഹി യോഗത്തിൽ സെക്രട്ടറി കെ എസ് ഹംസ, ഹൈദരലി തങ്ങളെ ഇഡി ചോദ്യംചെയ്ത വിഷയം ഉന്നയിച്ചിരുന്നു. പാലാരിവട്ടം പാലം അഴിമതിപ്പണം വകയിൽ 10 കോടി രൂപ ചന്ദ്രികയിലൂടെ വെളുപ്പിച്ചതിന് തങ്ങളെ ചോദ്യംചെയ്തെന്നായിരുന്നു ഹംസ പറഞ്ഞത്. മറുപടിയായി പാർടിക്കായുള്ള തന്റെ ‘ത്യാഗ’ങ്ങൾ വിവരിച്ച് വികാരഭരിതനാവുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
തങ്ങളെ കെണിയിലാക്കിയതായി രൂക്ഷ വിമർശം
ഹൈദരലി തങ്ങളെ കെണിയിലാക്കി കുഞ്ഞാലിക്കുട്ടി ദുഷ്പേര് ചാർത്തിയെന്ന പ്രതിഷേധം ലീഗിൽ ഉയർന്നു. ഭാരവാഹി യോഗത്തിൽ ന്യായീകരിച്ച യൂത്ത്ലീഗ് നേതാക്കളടക്കം ഉന്നതനേതാവിന്റെ രക്ഷയ്ക്കെത്തുന്നില്ല. മലപ്പുറത്തെ സഹകരണബാങ്കിൽ മകന്റെ കള്ളപ്പണം കണ്ടെടുത്തത്, ചന്ദ്രികയെ മറയാക്കിയുള്ള അഴിമതികൾ, വി കെ ഇബ്രാഹിംകുഞ്ഞടക്കമുള്ളവരുടെ അഴിമതിക്ക് രക്ഷകനായത് തുടങ്ങിയ രൂക്ഷ വിമർശമാണ് തുടരുന്നത്. ഐസ്ക്രീം പാർലർ പെൺവാണിഭക്കേസ് കാലത്ത് കൂടെനിന്ന നേതാക്കളടക്കം ഇപ്പോൾ വിമർശമുയർത്തുന്നു എന്നതും ശ്രദ്ധേയം.















