തിരുവനന്തപുരം
കുഞ്ഞാലിക്കുട്ടിയുടെ വീട്ടിൽ ഔദ്യോഗിക വാഹനത്തിലെത്തിയ ഇഡി ഉദ്യോഗസ്ഥർ അവിടെ നിന്ന് സ്വകാര്യ വാഹനത്തിൽ പാണക്കാട് എത്തിയാണ് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്തതെന്ന് കെ ടി ജലിൽ എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചോദ്യംചെയ്യാൻ ഹൈദരലി തങ്ങൾക്ക് ഇഡി നൽകിയ നോട്ടീസും ജലീൽ പുറത്തുവിട്ടു.
കഴിഞ്ഞ വർഷം ജൂലൈ 24ന് പകൽ 11ന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് ചന്ദ്രിക എംഡി കൂടിയായ ഹൈദരലി തങ്ങൾക്ക് ആദ്യ നോട്ടീസ് നൽകിയത്. എന്നാൽ ആരോഗ്യ പ്രശ്നം പറഞ്ഞ് അദ്ദേഹം ഹാജരാകാനാകില്ലെന്ന് മറുപടി നൽകിയതിനാലാണ് പാണക്കാട് എത്തിയത്. ആദ്യമായാണ് ഒരു കേസിൽ പാണക്കാട് തങ്ങൾമാർ ചോദ്യംചെയ്യലിന് വിധേയമായത്. അത്തരം സാഹചര്യം സൃഷ്ടിച്ചതാകട്ടെ സ്വന്തം പാർട്ടി നേതാക്കളും. തങ്ങളുടെ മാഫിയ പ്രവർത്തനത്തിന് പാണക്കാട് തങ്ങൾമാരെ കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിംകുഞ്ഞും മറയാക്കുകയാണ്. എആർ നഗർ ബാങ്കിൽ ആദായ നികുതി വകുപ്പ് കണ്ടെത്തിയ കള്ളപ്പണത്തിന്റെ ആദ്യ പേരുകാരൻ കുഞ്ഞാലിക്കുട്ടിയുടെ മകൻ ഹാഷിഖ് പാണ്ടിക്കടവത്താണ്. എൻആർഐ അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചതെന്ന കുഞ്ഞാലിക്കുട്ടിയുടെ വാദം ശരിയല്ല. എആർ നഗർ സഹകരണ ബാങ്കിന് എൻആർഐ അക്കൗണ്ടിന് അനുമതിയില്ല. ലീഗ് ഭരിക്കുന്ന പല സഹകരണ ബാങ്കുകളിലെയും അനധികൃത പണമിടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇഡിക്ക് പരാതി നൽകും. പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിൽ സ്പീക്കർക്ക് പരാതി നൽകുമെന്നും കെ ടി ജലീൽ പറഞ്ഞു.
മകന്റെ നിക്ഷേപവാദവും പൊളിഞ്ഞു
യുഡിഎഫ് നിയന്ത്രണത്തിലുള്ള എ ആർ നഗർ സഹകരണ ബാങ്കിൽ എൻആർഐ അക്കൗണ്ട് വഴിയാണ് മകൻ പണം നിക്ഷേപിച്ചതെന്ന ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ കള്ളവാദം പൊളിഞ്ഞു. ബാങ്കിങ് റഗുലേഷൻ നിയമമനുസരിച്ച് സഹകരണ ബാങ്കുകൾക്ക് എൻആർഐ അക്കൗണ്ട് തുടങ്ങാനാവില്ല. കുഞ്ഞാലിക്കുട്ടിയുടെ മകൻ ഹാഷിഖ് പാണ്ടിക്കടവത്തിന്റെ പേരിൽ ബാങ്കിലുള്ള മൂന്ന് കോടി രൂപ മതിയായ രേഖകൾ ഹാജരാക്കാത്തതിനാൽ ആദായനികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു. വിഷയം കെ ടി ജലീൽ നിയമസഭയിൽ ഉന്നയിച്ചപ്പോഴാണ് കുഞ്ഞാലിക്കുട്ടി സഭയെ തെറ്റിദ്ധരിപ്പിച്ചത്. ഹാഷിഖ് ഇപ്പോൾ ഖത്തറിലാണ്.എ ആർ നഗർ ബാങ്ക് പ്രാഥമിക സഹകരണ ബാങ്കാണ്. അതിനാൽ എൻആർഐ പരിധിയിൽ ഉൾപ്പെടില്ല. ഒന്നര കോടിയോളം രൂപ ഹാഷിഖിന്റെ അക്കൗണ്ടിൽനിന്ന് പലിശ ഇനത്തിൽ പിൻവലിച്ചിട്ടുണ്ട്. നേരിട്ടോ ചെക്ക് മുഖേനയോ അല്ലാതെ തുക എങ്ങനെ പിൻവലിച്ചു എന്നതിലും ദുരൂഹതയുമുണ്ട്.
ഇഡി ഉദ്യോഗസ്ഥർ
പാണക്കാട്ട്:
സമ്മതിച്ച്
കുഞ്ഞാലിക്കുട്ടി
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഇഡി ഉദ്യോഗസ്ഥർ കണ്ടെന്ന് സ്ഥിരീകരിച്ച് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. അവർ കണ്ടെന്നത് ശരിയാണ്. എന്നാൽ, ചോദ്യം ചെയ്തില്ല. ഇഡി എത്തിയത് ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട പണമിടപാടിന്റെ പേരിലായിരുന്നു. ചന്ദ്രിക പത്രവുമായുള്ള ഒരു സാമ്പത്തിക ഇടപാടിലും പാണക്കാട് ഹൈദരലി തങ്ങൾ ഭാഗമല്ലെന്നും തന്റെ മകൻ നടത്തിയത് നിയമാനുസൃത ഇടപെടലാണെന്നും കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു.















