ബംഗളൂരു
കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, മകനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി വൈ വിജയേന്ദ്ര, മറ്റ് കുടുംബാംഗങ്ങൾ, മുൻ മന്ത്രി എസ് ടി സോമശേഖർ, ഐഎഎസ് ഉദ്യോഗസ്ഥൻ എന്നിവർക്ക് അഴിമതിക്കേസിൽ ഹൈക്കോടതി നോട്ടീസ് അയച്ചു. ബംഗളൂരു വികസന അതോറിറ്റിയുടെ ഭവനനിർമാണ പദ്ധതിയുടെ കരാറുകാരിൽനിന്ന് കോഴവാങ്ങിയെന്ന കേസിലാണ് നടപടി. യെദ്യൂരപ്പയെയും സോമശേഖറിനെയും വിചാരണ ചെയ്യാൻ പ്രത്യേക കോടതി അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ സാമൂഹ്യപ്രവർത്തകൻ ടി ജെ എബ്രഹാം നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് എസ് സുനിൽ ദത്ത് നോട്ടീസ് അയക്കാൻ നിർദേശിച്ചത്.