തിരുവനന്തപുരം
കോവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടിക കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. ഒഴിവാക്കപ്പെട്ടവരുണ്ടെങ്കിൽ പരിശോധിച്ച് ഉൾപ്പെടുത്തും. സുപ്രീംകോടതി നിർദേശപ്രകാരമുള്ള ആനുകൂല്യം ലഭ്യമാക്കുമ്പോൾ ഒരാൾക്കും അവ നഷ്ടമാകില്ല. കോവിഡാനന്തര രോഗങ്ങൾ ചികിത്സിക്കാൻ കോവിഡ് റിഹാബിലിറ്റേഷൻ കേന്ദ്രം എല്ലാ ജില്ലയിലും ആരംഭിക്കും. സർക്കാർ ആശുപത്രികളും പൊതുസ്ഥാപനങ്ങളും ട്രാൻസ്ജെൻഡർ ഫ്രണ്ട്ലി ആക്കുമെന്നും ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
മൂന്നാംതരംഗം പ്രതിരോധിക്കാൻ മുന്നൊരുക്കം നടത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാർ വാക്സിൻ ലഭ്യമാക്കിയാൽ ഒന്നര മാസംകൊണ്ട് എല്ലാവർക്കും ഒരു ഡോസ് വാക്സിൻ നൽകും. തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളേജുകളിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിക്കും. മഞ്ചേരി, പാരിപ്പള്ളി മെഡിക്കൽ കോളേജുകളിൽ നേഴ്സിങ് കോളേജ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.