തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരാൻ സാധ്യത. വാരാന്ത്യ ലോക്ഡൗൺ നിയന്ത്രണം ഞായറാഴ്ച മാത്രമാക്കാനുള്ള ശുപാർശ സർക്കാരിനു മുന്നിൽ.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള അവലോകന യോഗം ഇന്നുച്ചയ്ക്കു ശേഷം നടക്കും. ഈ യോഗത്തിൽ വിഷയത്തിൽ അന്തിമതീരുമാനം കൈക്കൊള്ളും.
തദ്ദേശ സ്ഥാപനങ്ങളിൽ ടി.പി.ആറിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന നിയന്ത്രണം, അത് പ്രായോഗികമല്ലെന്നും ഫലപ്രദമല്ലെന്നുമാണ് സർക്കാരിന്റെ വിലയിരുത്തൽ. അതിനാൽ തന്നെ ആരോഗ്യ വിദഗ്ധരടങ്ങിയ സമിതിയും ചീഫ് സെക്രട്ടറി തലത്തിലുള്ള സമിതിയും വിവിധതലങ്ങളിൽ പരിശോധിച്ച് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശുപാർശകൾ തയ്യാറാക്കിയിരിക്കുന്നത്.
ടി.പി.ആർ. അടിസ്ഥാനത്തിലുള്ള നിയന്ത്രണം ഒഴിവാക്കി മൈക്രോ കൺടെയ്ൻമെന്റ് സോണുകൾ അഥവാ രോഗികൾ കൂടുതലുള്ള സ്ഥലങ്ങൾ കണ്ടെത്തുകയും അവിടെ നിയന്ത്രണം നടപ്പാക്കുകയും ചെയ്യുക എന്നതാണ് പ്രധാന നിർദേശങ്ങളിലൊന്ന്.
ആഴ്ചയിൽ ആറുദിവസം കടകൾ തുറക്കാൻ അനുമതി നൽകാനും നിർദേശമുണ്ട്. അങ്ങനെയാകുമ്പോൾ ആളുകൾക്ക് കൂടുതൽ സമയം ലഭിക്കുകയും തിരക്കു കുറയ്ക്കാനും സാമൂഹിക അകലം പാലിക്കാനും കഴിയും.
അഞ്ചുദിവസം തുറന്നിട്ട ശേഷം രണ്ടുദിവസം വാരാന്ത്യ ലോക്ഡൗൺ നടപ്പാക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണമില്ലെന്ന് പലകോണുകളിൽനിന്നും വിമർശനം ഉയർന്നിരുന്നു. അതിനാൽതന്നെ ഞായറാഴ്ച മാത്രമായി ലോക്ഡൗൺ ചുരുക്കാനും സർക്കാരിനു മുന്നിൽ ശുപാർശയുണ്ട്.
വീടുകളിലുള്ള ചികിത്സ ഫലപ്രദമല്ലെന്ന നിരീക്ഷണം വിദഗ്ധ സമിതിക്കു മുന്നിലെത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കോവിഡ് സ്ഥിരീകരിക്കുന്നവരെ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് മാറ്റണമെന്ന നിർദേശവും ചീഫ് സെക്രട്ടറിതല സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. നിലവിലെ ആരോഗ്യ സംവിധാനങ്ങളുടെ ശേഷി പരിഗണിച്ചതിനു ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമതീരുമാനം കൈക്കൊള്ളുക.
content highlights:changes likely to be made in lockdown restrictions