കൊച്ചി: മെട്രോ ജനകീയ യാത്രാക്കേസിൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു.നിയമവിരുദ്ധമായി കൂട്ടംചേർന്നെന്നും മെട്രോയ്ക്ക് നാശനഷ്ടം വരുത്തി എന്നുമായിരുന്നു കേസ്. കേസിൽ മുപ്പതു പ്രതികളായിരുന്നു ഉണ്ടായിരുന്നത്. കൊച്ചിയിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.
മെട്രോയിലെ ജനകീയ യാത്രയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്ക് എതിരെ എടുത്തിരിക്കുന്ന കേസ് നിലനിൽക്കില്ലെന്നാണ് കൊച്ചിയിലെ പ്രത്യേക കോടതി കണ്ടെത്തിയിരിക്കുന്നത്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും അടക്കമുള്ള അന്നത്തെ എം.എൽ.എമാരും മറ്റ് മുതിർന്ന കോൺഗ്രസ്, യു.ഡി.എഫ്. നേതാക്കളും ഉൾപ്പെടെ മുപ്പതു പ്രതികളെയുമാണ് കോടതി വെറുതെവിട്ടിരിക്കുന്നത്.
ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരെ കൂടാതെ എം.എം. ഹസ്സൻ, ആര്യാടൻ മുഹമ്മദ്, അൻവർ സാദത്ത്, കെ. ബാബു, ഹൈബി ഈഡൻ, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, പി.ടി. തോമസ്, ബെന്നി ബെഹനാൻ, കെ.പി. ധനപാലൻ, വി.കെ. ഇബ്രാഹിംകുഞ്ഞ്,അനൂപ് ജേക്കബ് തുടങ്ങിയവരാണ് പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്.
കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ക്ഷണിച്ചില്ലെന്ന് ആരോപിച്ചായിരുന്നു, ഉദ്ഘാടനത്തിന്റെ അടുത്തദിവസം ജനകീയ മെട്രോ യാത്ര സംഘടിപ്പിച്ചത്. ആലുവയിൽനിന്ന് പാലാരിവട്ടത്തേക്കായിരുന്നു ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും നേതൃത്വത്തിൽ കോൺഗ്രസ്, യു.ഡി.എഫ്. നേതാക്കൾ ജനകീയ യാത്ര നടത്തിയത്. നിരവധി പ്രവർത്തകരും ഇവർക്കൊപ്പമുണ്ടായിരുന്നു.
അന്യായമായി സംഘം ചേരുകയും മെട്രോയ്ക്ക് നാശനഷ്ടം വരുത്തുകയും ചെയ്തു എന്ന് ആരോപിച്ചായിരുന്നു കേസ് കേസ്. ഈ കേസ് ആണ് എം.എൽ.എമാർക്കും എം.പിമാർക്കും എതിരായ കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതി റദ്ദാക്കിയിരിക്കുന്നത്.