തിരുവനന്തപുരം: ആലപ്പുഴയ്ക്ക് പിന്നാലെ തിരുവനന്തപുരത്തും ഡോക്ടർക്ക് നേരെ അതിക്രമം. പാറശാല താലൂക്ക് ആശുപത്രിയിലെ ഡോക്ടറെയും സെക്യൂരിറ്റി ജീവനക്കാരനും ആറംഗസംഘം മർദിച്ചു. മാസ്ക് വെക്കാൻ നിർദ്ദേശിച്ചതിനെതുടർന്നായിരുന്നു മർദ്ദനം. നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പാറശാല താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കൈയ്ക്ക് മുറിവേറ്റ യുവാവുമായെത്തിയ സംഘമാണ് ഡോക്ടറെ ആക്രമിച്ചത്. യുവാവിനൊപ്പമുള്ള അഞ്ച് പേരും മാസ്ക് ധരിച്ചിരുന്നില്ല. മാസ്ക് ധരിക്കാൻ നിർദ്ദേശിച്ച സെക്യൂരിറ്റി ജീവനക്കാരനെ സംഘം കയ്യേറ്റം ചെയ്തു. ബഹളം കേട്ടെത്തിയ ഡോക്ടർ സജുവിനെയും സംഘം മർദ്ദിച്ചു.
അടിയേറ്റ് നിലത്ത് വീണ ശേഷവും സംഘം ഡോക്ടർക്കെതിരെഅതിക്രമം തുടർന്നു. സംഭവത്തിൽ പാറശാല പ്ലാമൂട്ടുകട സ്വദേശികളായ രാഹുൽ, സജിൻ, ശംഭു, വിജയ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു പേർ കൂടി പിടിയിലാകാനുണ്ട്.
സുഹൃത്തിന്റെ ജൻമദിനാഘോഷം കഴിഞ്ഞെത്തിയതായിരുന്നു സംഘമെന്നാണ് വിവരം. സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ നടത്തിയ ഒപി ബഹിഷ്കരണ സമരം പ്രതികളെ പിടികൂടിയ ശേഷമാണ് അവസാനിപ്പിച്ചത്.
Content Highlights:A gang of six attacks Doctor