കൊച്ചി: എല്ലാവർക്കും സർക്കാർ ജോലി വേണമെന്ന നിലപാട് കേരളത്തിൽ മാത്രമാണെന്നും കേന്ദ്രസർക്കാരിന് മാത്രമാണ് നോട്ട് അച്ചടിക്കാൻ അവകാശമുള്ളതെന്നും ഹൈക്കോടതി. പി എസ് സി ജോലിയുമായി ബന്ധപ്പെട്ട് ഒരു വ്യക്തിയുടെ ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ വാക്കാലുള്ള പരാമർശം.
ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റേയും ജസ്റ്റിസ് എ ബദറുദീന്റേയും ബഞ്ചാണ് ഹർജി പരിഗണിച്ചത്.
സർക്കാർ വരുമാനത്തിന്റെ 75 ശതമാനവും ചെലവാക്കുന്നത് ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കുമാണ്. എല്ലാവർക്കും സർക്കാർ ജോലി തന്നെ വേണമെന്ന നിലപാട് കേരളത്തിൽ മാത്രമാണെന്നും യുവാക്കളുടെ മാനസികാവസ്ഥ മാറണമെന്നും ഹൈക്കോടതി പറഞ്ഞു. എം എസ് സി പഠിക്കുന്നവർക്ക് ആടിനെ വളർത്താം. പക്ഷേ അതിന് നമ്മൾ തയാറാകില്ല. സർക്കാർ ജോലി ജീവിതത്തിന്റെ അവസാനമല്ല. കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ ജി ഡി പി കുറഞ്ഞ സാഹചര്യമാണ് ഉള്ളതെന്നും കോടതി പറഞ്ഞു.
പി എസ് സി ആവശ്യപ്പെട്ട സമയത്ത് എക്സപീരിയൻസ് സർട്ടിഫിക്കറ്റ് കൊടുക്കാൻ കഴിയാത്തതിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടയാൾ കോടതിയെ സമീപിക്കുകയായിരുന്നു. ഇയാളുടെ ഹർജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമർശം.
അതേസമയം ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (എൽ.ജി.എസ്.) റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിനൽകണമെന്ന സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ (കെ.എ.ടി.) ഉത്തരവിനെതിരേ പി.എസ്.സി. ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് പി.എസ്.സി.യുടെ ആവശ്യം. കാലാവധി നീട്ടുന്നത് പുതിയ ഉദ്യോഗാർഥികളുടെ അവസരം നഷ്ടമാക്കുമെന്ന് ഹർജിയിൽ പറയുന്നു.
Content Highlights:Kerala High court criticised youngsters for psc job