കാസർക്കോട്: കേരളത്തിൽ കോവിഡ് വ്യാപനം കുറയുംവരെ നിയന്ത്രണങ്ങൾ കർശനമാക്കി നടപ്പാക്കാനുള്ള കർണാടകയുടെ തീരുമാനത്തിനെതിരെ കർണാടക അതിർത്തിയായ തലപ്പാടിയിൽ പ്രതിഷേധം. സർട്ടിഫിക്കറ്റില്ലാതെ അതിർത്തിയിൽ എത്തിയവരെ തിരിച്ചയച്ചതോടെയാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം തുടങ്ങിയത്.
വിദേശ രാജ്യങ്ങൾ ഉൾപ്പടെ കോവിഡ് പ്രതിരോധ വാക്സിൻ എടുത്തവർക്ക് ഇളവ് നൽകുമ്പോൾ കർണാടക എടുത്ത തീരുമാനം ശരിയല്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. മാസ്ക് ഇടുകയോ സാമൂഹ്യ അകലം പാലിക്കുകയോ ചെയ്യാതെയാണ് ഉദ്യോഗസ്ഥരുടെ പരിശോധനയെന്നും പ്രതിഷേധക്കാർ പറഞ്ഞു.
എന്നാൽ കേരളത്തിൽ കോവിഡ് കേസുകൾ കുറയുംവരെ പരിശോധനയിൽ ഇളവുണ്ടാകില്ലെന്ന് കർണാടക എഡിജിപി പ്രതാപ് റെഡ്ഡി പറഞ്ഞു. വിദ്യാർത്ഥികൾക്കും അടിയന്തരാവശ്യങ്ങൾക്കായി പോകുന്നവർക്കും മാത്രമായിരിക്കും ഇളവ് നൽകുക. അതിർത്തിയിൽ പരിശോധനാ സംവിധാനം സജ്ജീകരിക്കില്ലെന്നും എഡിജിപി വ്യക്തമാക്കി.
ആർ.ടി.പി.സി.ആർ നെഗറ്റീവ് ഫലം ഇല്ലാതെ ബെംഗളൂരുവിൽ എത്തുന്നവർക്ക് ക്വാറന്റീനും നിർബന്ധമാക്കിയിട്ടുണ്ട്. ബെംഗലൂരു നഗരത്തിലെ ഹോസ്റ്റലുകളും ഹോട്ടലുകളുമാണ് ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്. മെജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ എത്തിയ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ ഈ കേന്ദ്രങ്ങളിലേക്ക് മാറ്റി. എല്ലാ റെയിൽവേ സ്റ്റേഷവുകളിലും പരിശോധന തുടരും. കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും എത്തുന്ന ട്രെയിനുകൾ നിർത്തുന്ന സ്റ്റേഷനുകളിലാണ് പ്രധാനമായും പരിശോധന.
അതേ സമയം തിഴ്നാട് ഈ മാസം അഞ്ച് വരെ പരിശോധയിൽ ഇളവ് നൽകി. വാളയാറിൽ ആർ.ടി.പി.സി.ആർ പരിശോധനയില്ല. കുമളി ചെക്ക് പോസ്റ്റിലും പരിശോധന ശക്തമല്ല.