ന്യൂഡൽഹി
ഇന്ത്യ–-ചൈന അതിർത്തിയിൽ വടക്കൻ സിക്കിം സെക്ടറിൽ ഇരുസൈന്യവും തമ്മിൽ ഹോട്ട്ലൈൻ സ്ഥാപിച്ചു. സിക്കിമിലെ കോൺഗ്ര ലായ്ക്കും തിബറ്റൻ സ്വയംഭരണ പ്രദേശത്തെ ഖംബ ഡിസോങ്ങിനും ഇടയിലാണ് യഥാക്രമം ഇന്ത്യ–-ചൈന സൈനികർ തമ്മിൽ ഹോട്ട്ലൈൻ ബന്ധം സ്ഥാപിച്ചത്. അതിർത്തിയിൽ പരസ്പരവിശ്വാസം വർധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമാണ് ഇത്.
സൗഹൃദവും സമാധാനവും ഉറപ്പിക്കാൻ ആഹ്വാനംചെയ്ത് സന്ദേശം കമാൻഡർമാർ പരസ്പരം കൈമാറി. കഴിഞ്ഞവർഷം വടക്കൻ സിക്കിമിലെ നാക്കുലായിൽ ഇരുസൈന്യവും നേർക്കുനേർ നിലയുറപ്പിച്ചിരുന്നു. കിഴക്കൻ ലഡാക്കിൽ ഏറ്റുമുട്ടലിനുശേഷം തുടരുന്ന സംഘർഷാവസ്ഥ പരിഹരിക്കാൻ 12–-ാമത് കമാൻഡർതല ചർച്ച ശനിയാഴ്ച നടന്നിരുന്നു. അവശേഷിക്കുന്ന പ്രശ്നങ്ങൾ കരാറുകൾക്കും കീഴ്വഴക്കങ്ങൾക്കും അനുസൃതമായി ചർച്ചയിലൂടെ പരിഹരിക്കാൻ തീരുമാനിച്ചെന്ന് ഇരുസൈന്യവും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ചർച്ച തുടരാനും ഇക്കാലയളവിൽ അതിർത്തിയിൽ സമാധാനം നിലനിർത്താനുള്ള ശ്രമങ്ങൾക്കും ധാരണയായി.