ന്യൂഡൽഹി
വിശാഖപട്ടണം ഉരുക്ക് നിർമാണശാല സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനത്തിൽനിന്ന് കേന്ദ്രം പിന്മാറണമെന്ന് സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം ആവശ്യപ്പെട്ടു. വിശാഖ് ഉരുക്കുശാല സംരക്ഷണ സമരസമിതി നേതൃത്വത്തിൽ ജന്തർമന്ദിറിൽ ആരംഭിച്ച ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവരത്ന കമ്പനിയായ ഇത് വ്യവസായ നിക്ഷേപത്തിന് നാട്ടുകാർ നടത്തിയ പ്രക്ഷോഭത്തെ തുടർന്ന് ആരംഭിച്ച ഏറ്റവും പ്രധാന ഘനവ്യവസായ സ്ഥാപനമാണ്. പാവപ്പെട്ടവരുടെ ആയിരക്കണക്കിന് ഏക്കർ ഭൂമി ഏറ്റെടുത്ത് സ്ഥാപിച്ച സ്ഥാപനം സ്വകാര്യകുത്തകകൾക്ക് തീറെഴുതാനാണ് തീരുമാനിച്ചിരിക്കുന്നത്. സ്വകാര്യവൽക്കരണ തീരുമാനത്തിൽനിന്ന് കേന്ദ്രം പിന്മാറുന്നതുവരെ സമരം തുടരാനാണ് സംയുക്ത സമരസമിതി തീരുമാനം.
പൊതുമുതൽ വിറ്റുതുലയ്ക്കുന്ന ബിജെപി സർക്കാരിനെ തുറന്നുകാട്ടാൻ എല്ലാവരും രംഗത്തിറങ്ങണമെന്നും അത്തരം മുന്നേറ്റങ്ങളുടെ തുടക്കമാണ് പ്രക്ഷോഭമെന്നും കരീം പറഞ്ഞു. എംപിമാരായ ബിനോയ് വിശ്വം, എം വി ശ്രേയാംസ് കുമാർ, ഡോ. വി ശിവദാസൻ, ജോൺ ബ്രിട്ടാസ് തുടങ്ങിയവരും സംസാരിച്ചു.