ഒരുപക്ഷെ കേട്ടാൽ ‘ഇതിനൊക്കെ ഒരു ദിവസമോ’ എന്ന് നാം ചിന്തിക്കും ഇത്തരം വിചിത്രമായ ദിവസങ്ങളെപ്പറ്റി അറിയുമ്പോൾ. ഉദാഹരണത്തിന് ഓഗസ്റ്റ് 5 ആണ് ‘അടിവസ്ത്ര ദിനം’. അതെ ദിവസം ‘പട്ടിയെപ്പോലെ പണിയെടുക്കേണ്ട ദിവസം’ ആയും ആചരിക്കുന്നു. ഓഗസ്റ്റ് 1ന് അമേരിക്കയിലെ ജനങ്ങൾ ‘ദേശീയ കാമുകി (ഗേൾഫ്രണ്ട്) ദിനം’ ആഘോഷിക്കുന്നു. ഒരു സ്ത്രീയുടെ സ്ത്രീ സുഹൃത്തിനെ നിർവ്വചിക്കാൻ 1863-ൽ യുവാക്കൾക്കിടയിൽ ആണത്രേ ഗേൾഫ്രണ്ട് എന്ന വാക്ക് ഉപയോഗിച്ച് തുടങ്ങിയത്. എന്നാൽ 1920-കൾക്ക് ശേഷം ഈ വിശേഷണം കാമുകിക്ക് ചാർത്തപ്പെട്ടു.
കഴിഞ്ഞില്ല, ഓഗസ്റ്റ് 3 ‘നിങ്ങളുടെ തറ വൃത്തിയാക്കൽ’ ദിവസം. അന്നേ ദിവസം തന്നെയാണ് രാത്രി കറങ്ങി നടക്കാനുള്ള ‘നെറ്റ് ഔട്ട്’ ഡേ. കാലിലെ വിരലുകൾ മുകളിലേക്കും താഴേക്കും ചലിപ്പിക്കാനുള്ള ‘വിഗ്ഗിൽ യുവർ ടോസ് ഡേ’ ഈ മാസം ആറിനാണ്. ഈ മാസം 10നാണ് ‘മടി ദിവസം’. അലസരായ ആളുകളെ ആദരിക്കുന്നതിനുള്ള ദിവസമാണിതത്രേ.
മൂന്ന് മക്കളുണ്ടെങ്കിൽ രണ്ടാമതായി ജനിച്ച കുട്ടിക്കുള്ള ‘മിഡിൽ ചൈൽഡ്‌സ് ഡേ’ ആണ് ഓഗസ്റ്റ് 12. വേറെ ആരെയെങ്കിലും കുറ്റപ്പെടുത്താനുള്ള ദിവസമാണ് ഓഗസ്റ്റ് 13. ടാറ്റൂ ഒഴിവാക്കാനും ഈ മാസം ഒരു ദിവസമുണ്ട്, ഓഗസ്റ്റ് 14. ഒരു തമാശ പറയാനുള്ള ‘ടെൽ എ ജോക്ക്’ ദിനമാണ് ഓഗസ്റ്റ് 16.
തല്ലിപ്പൊളി കവിതയ്ക്കായി നീക്കിവച്ചിരിക്കുന്ന ദിവസമാണ് ഓഗസ്റ്റ് 18. ചുംബിക്കാനും മേക്കപ്പ് ചെയ്യാനുമുള്ള ദിവസമാണ് ഓഗസ്റ്റ് 25. മേല്പറഞ്ഞവയിൽ പലതും നാം ആഘോഷിക്കാറില്ല. എങ്കിലും നമുക്ക് ചുറ്റും നടക്കുന്ന ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിയുന്നത് രസകരമാണ്. അല്ലേ?