തിരുവനന്തപുരം > സംസ്ഥാന പൊലീസ് സേനയിൽ വനിതകളുടെ പ്രാതിനിധ്യം 15 ശതമാനത്തിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. 2016 ൽ എൽഡിഎഫ് അധികാരത്തിൽ വരുമ്പോൾ പൊലീസിലെ വനിത പ്രാതിനധ്യം ആറ് ശതമാനമായിരുന്നു. ഇപ്പോഴുള്ള റിക്രൂട്ട്മെന്റ് കൂടി പൂർത്തിയായാൽ 10 ശതമാനത്തിലെത്തും. ഇത് 15 ശതമാനമാക്കി വർധിപ്പിക്കും. അതിനുള്ള നപടികൾ ഊർജിതമാക്കും. തൊഴിൽ ലഭിക്കാനുള്ളവരുടെ വികാരത്തോടൊപ്പമാണ് സർക്കാർ. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
റാങ്ക്ലിസ്റ്റുകളുടെ കാലാവധി മൂന്നു വർഷത്തിലധികം നീട്ടുന്നതിന് നിയമന നിരോധനം നിലവിലുണ്ടാവുകയോ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ തടസങ്ങളോ ഉണ്ടാവണം. കഴിഞ്ഞ സർക്കാരിന്റെ കാലത്തോ ഇപ്പോഴോ അത്തരം സാഹചര്യമില്ല.
പിഎസ് സിക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയാത്ത കേസുകൾ കണ്ടെത്തി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് റിപ്പോർട്ട് ചെയ്യാൻ വകുപ്പധ്യക്ഷന്മാർക്ക് നിർദ്ദേശം നൽകിയിരുന്നു. എല്ലാ ഒഴിവുകളും കൃത്യതയോടെ യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി.
മെയ് 20 നു ശേഷം 591 തസ്തികകളുണ്ടാക്കി. എൽഡിസി ലിസ്റ്റിൽ നിന്ന് 10,164 ഉം ലാസ്റ്റ് ഗ്രേഡിൽ നിന്ന് 6984 ഉം നിയമന ശുപാർശകൾ നൽകി. രണ്ടിലുമായി 1209 ഒഴിവുകൾ പുതുതായി റിപ്പോർട്ട് ചെയ്തു. അതും നിയമിക്കും. ട്രിബ്യൂണൽ വിധിക്കെതിരെ അപ്പീൽ നൽകുന്നത് നിയമപരമായ സാധ്യത പരിശോധിക്കാനാണ്. അത് സാധാരണ നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.