തിരുവനന്തപുരം > കോവിഡ് പ്രതിരോധത്തില്‍ കേരളം മാതൃകാപരമായ നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ വാക്സിന് പ്രതിസന്ധി സൃഷ്ടിക്കാനുള്ള കേന്ദ്ര നീക്കം അപലപനീയമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന് പറഞ്ഞു. കേരളത്തിന് ആവശ്യമായ തോതില്‍ വാക്സിന് നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വാക്സിന് വിതരണത്തില്‍ അങ്ങേയറ്റം ശുഷ്ക്കാന്തിയാണ് സംസ്ഥാനം കാണിക്കുന്നത്. നല്കിയ വാക്സിന് ഒരു തുള്ളി പോലും പാഴാക്കാതെ വിതരണം ചെയ്തു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് ഇക്കാര്യം ബോധ്യമായിട്ടും വാക്സിന് അനുവദിക്കുന്നതില്‍ നിഷേധാത്മകമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഈ ഒളിച്ചുകളി ഉടനടി അവസാനിപ്പിക്കണമെന്നും വിജയരാഘവന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍ 20% പേര് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. ദേശീയതലത്തില്‍ ഇത് 7.5% മാത്രമാണ്. ഒറ്റ ഡോസ് വാക്സിന് സ്വീകരിച്ചവര്‍ 38% ആണെങ്കില്‍ ദേശീയ തലത്തില്‍ അത് 28 ശതമാനമാണ്.
കോവിഡ് പരിശോധനാ രീതിയും മികച്ച നിലയിലാണ്. മറ്റു സംസ്ഥാനങ്ങളെക്കാള്‍ മരണനിരക്ക് ഇവിടെ കുറവാണ്. മരണനിരക്ക് ഇവിടെ 0.5% ആണെങ്കില്‍ രാജ്യത്ത് 1.3% ആണ്. ശരാശരി ഒന്നര ലക്ഷം കോവിഡ് പരിശോധന നടത്തുന്നു. ഇത് 1.9 ലക്ഷമായി ഉയര്‍ന്ന ദിവസവുമുണ്ട്. പരിശോധനയുടെ എണ്ണവും രോഗികളെ കണ്ടെത്തുന്ന രീതിയും നല്ലതായതിനാലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിന് അനുസരിച്ചുള്ള സമീപനമല്ല കേന്ദ്രത്തിന്റേത്.
കേരളത്തിലെ ജനസംഖ്യ 3.51 കോടിയാണ്. ഇതുവരെ 1,31,21,707 പേര്‍ക്ക് ഒന്നാം ഡോസും 56,82,627 പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. വാക്സിന് കടുത്ത ദൗര്‍ലഭ്യം നേരിടുന്നത് മൂലമാണ് കൂടുതല്‍ പേര്‍ക്ക് നല്കാന് കഴിയാത്തത്.
എല്ലാവര്ക്കും വാക്സിന് നല്‍കിയും മികച്ച ആരോഗ്യ സംവിധാനം ഒരുക്കിയും പഴുതടച്ചുള്ള കോവിഡ് പ്രതിരോധം സംസ്ഥാനത്ത് തുടരുമ്പോള്‍ യു.ഡി.എഫും ബി.ജെ.പിയും അതിനെ തുരങ്കം വയ്ക്കുകയാണ്. 90 ലക്ഷം ഡോസ് വാക്സിന് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിയോട് നേരിട്ട് അഭ്യര്‍ത്ഥിച്ചിരുന്നു. ജൂലൈയില്‍ ഇവിടെ എത്തിയ കേന്ദ്ര സംഘത്തോട് 60 ലക്ഷം ഡോസ് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടെങ്കിലും നല്‍കിയിട്ടില്ല. വസ്തുത ഇതായിരിക്കെയാണ് കോവിഡ് പ്രതിരോധം പാളിയെന്ന് വരുത്താന്‍ ദുഷ്പ്രചാരണം അഴിച്ചുവിടുന്നതെന്നും വിജയരാഘവന് പറഞ്ഞു.