പട്ന > പെഗാസസ് ഫോൺ ചോർത്തലിൽ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ എൻഡിഎയിൽ ഭിന്നത. വിവാദത്തിൽ അന്വേഷണം വേണമെന്നും പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ച് സഭയിൽ ചർച്ച ചെയ്യണമെന്നും ബീഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ ആവശ്യപ്പെട്ടു. വിവാദത്തിൽ സ്വതന്ത്ര അന്വേഷണമാവശ്യപ്പെടുന്ന ഹർജികൾ വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെ സഖ്യകക്ഷിയായ ജെഡിയുവും അന്വേഷണമാവശ്യപ്പെട്ടതോടെ ബിജെപി സമ്മർദത്തിലായി.
ഫോണ്‍ ചോര്‍ത്തൽ വിവാദത്തെ കുറിച്ച് ദിവസങ്ങളായി ചർച്ച ചെയ്യുകയാണ്. സംഭവത്തിൽ അന്വേഷണം ആവശ്യമാണ്. പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ച് വിഷയം പാര്‍ലമെന്റിലും ചര്‍ച്ച ചെയ്യണമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ഇസ്രയേല്‍ പ്രതിരോധ കമ്പിനിയായ എൻഎസ്ഒയുടെ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് വിവിധ രാജ്യങ്ങളിലെ പ്രതിപക്ഷ നേതാക്കളുടെയും ആക്ടിവിസ്റ്റുകളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയുമടക്കം ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ വാർത്ത ലോകത്തെ പ്രമുഖ 17 മാധ്യമങ്ങൾ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പുറത്തുവന്നത്. വിഷയത്തിൽ ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങൾ നേരത്തെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.