തിരുവനന്തപുരം: 493 റാങ്ക് പട്ടികകളുടെ കാലാവധി നാലാം തീയതി അവസാനിക്കാനിരിക്കേ പുതിയ റാങ്ക് ലിസ്റ്റിനായി പരീക്ഷകൾ നടത്താൻ പി.എസ്.സി. തീരുമാനിച്ചു. ട്രിബ്യൂണൽ വിധിക്കെതിരേ കേസുമായി മുന്നോട്ടുപോകും. തിങ്കളാഴ്ച ചേർന്ന പി.എസ്.സി. യോഗത്തിലാണ് തീരുമാനം. ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സഭയിലെ പരാമർശത്തിനുശേഷമാണ് പി.എസ്.സി.യുടെ നീക്കം.
പി.എസ്.സി.യുടെ യോഗം തിങ്കളാഴ്ച ചേരുമ്പോൾ സർക്കാരിന്റേതായ നിർദേശങ്ങളൊന്നും ഉണ്ടായിരുന്നില്ല അവരുടെ മുന്നിൽ.
493 റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന നിർദേശം സർക്കാർ പി.എസ്.സി.ക്ക് സമർപ്പിച്ചിരുന്നില്ല. 5-2-21 മുതൽ 3-8-21 വരെ കാലാവധി നീട്ടിനൽകിയ റാങ്ക് പട്ടികകളുടെ കാലാവധിയാണ് നാലാം തീയതി അവസാനിക്കുന്നത്.
എൽ.ഡി.സി.യുടെയും എൽ.ജി.സി.യുടെയും വരാനിരിക്കുന്ന പുതിയ പട്ടിക അടുത്തദിവസം പുറത്തിറങ്ങില്ല. രണ്ടാംഘട്ട പരീക്ഷ നടക്കാത്തതാണ് കാരണം.എൽ.ഡി.സി. ഉദ്യോഗാർഥികൾ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ തിരുവനന്തപുരം ബെഞ്ചിനെ സമീപിച്ചിരുന്നു. അതുപ്രകാരം സെപ്റ്റംബർ 29 വരെ ട്രിബ്യൂണൽ കാലാവധി നീട്ടി നൽകിയിരുന്നു. ഈ വിധിക്കെതിരേ പി.എസ്.സി. ഹൈക്കോടതിയെ സമീപിച്ചു. ഏതെങ്കിലും ഒരു ലിസ്റ്റിനുവേണ്ടി മാത്രം റാങ്ക് പട്ടികയുടെ കാലാവധി നീട്ടി നൽകാൻ പി.എസ്.സി.ക്ക് കഴിയില്ലെന്നും അങ്ങനെ ചെയ്താൻ അത് മറ്റ് ലിസ്റ്റുകളെ ബാധിക്കുമെന്നും അവർ വ്യക്തമാക്കിയിരുന്നു.
ഒക്ടോബറിൽ നടക്കാനിരിക്കുന്ന അടുത്തഘട്ടം പരീക്ഷകളുമായും മറ്റു നടപടികളുമായും മുന്നോട്ടുപോകാൻ പി.എസ്.സി. യോഗത്തിൽ തീരുമാനിച്ചു.
Content Highlights:PSC decided to go for new exams