“വിവാഹത്തിലൂടെ ഒരുമിക്കുന്ന രണ്ട് പേര്‍ക്കും സ്നേഹവും പരസ്പരവിശ്വാസവുമുള്ള ഒരു ജീവിതം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. ഒരുപാട് പ്രതീക്ഷകളോടെയാണ് ഓരോ വ്യക്തിയും വൈവാഹികജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്നത്. മുന്നോട്ടുള്ള ജീവിതത്തിലും സ്ത്രീധനത്തിനെതിരെയും സ്ത്രീപുരുഷ അസമത്വത്തിനെതിരെയും ഉറച്ച നിലപാട് സ്വീകരിക്കാൻ നിങ്ങള്‍ക്ക് കഴിയട്ടെ. മാറ്റം നിങ്ങളിലൂടെയാകട്ടെ.” എന്നിങ്ങനെയാണ് മന്ത്രി വീണ ജോര്‍ജിൻ്റെ പേരിലുള്ള ആശംസാ കാര്‍ഡിലുള്ള വാക്കുകള്‍. വിവാഹിതരാകുന്ന വ്യക്തികളുടെ വീടുകളിൽ ഐസിഡിഎസ് ഓഫീസര്‍മാരും ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍മാരും മുഖേന നേരിട്ട് എത്തിക്കാനാണ് പദ്ധതി. സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ഇല്ലെന്നു പ്രതിജ്ഞ ചെയ്തുകൊണ്ട് വിവാഹജീവിതത്തിലേയ്ക്ക് പ്രവേശിക്കണമെന്നും ലിംഗനീതിയുടെ പാഠങ്ങള്‍ ജീവിതത്തിൽ ഉള്‍ക്കൊള്ളണമെന്നും കത്തിൽ മന്ത്രി ആവശ്യപ്പെടുന്നുണ്ടെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.
Also Read:
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സ്ത്രീധന വിരുദ്ധ ക്യാംപയിൻ്റെ ഭാഗമാണ് ആശംസാ കാര്‍ഡും. ഭര്‍തൃവീട്ടിലെ സ്ത്രീധനപീഡനത്തെ തുടര്‍ന്ന് കൊല്ലം സ്വദേശിനി വിസ്മയ മരിച്ച സംഭവത്തിനു പിന്നാലെയാണ് ലിംഗനീതി സംബന്ധിച്ച പ്രചാരണം സര്‍ക്കാര്‍ ശക്തമാക്കിയത്. സിനിമാതാരം ടോവിനോയെ ബ്രാൻഡ് അംബാസഡറാക്കി സര്‍ക്കാര്‍ വലിയ പ്രചാരണത്തിന് തുടക്കമിട്ടത്.
Also Read:
അതേസമയം, ആശംസാ കാര്‍ഡ് നല്‍കാനുള്ള നീക്കത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പ്രശംസിച്ചതായി വീണ ജോര്‍ജ് ഫേസ്ബുക്കിൽ കുറിച്ചു. അപ്രതീക്ഷിതമായാണ് ഗവര്‍ണറുടെ ഓഫീസിൽ നിന്ന് ഫോൺ കോള്‍ എത്തിയതെന്ന് മന്ത്രി അറിയിച്ചു. “വനിതാ ശിശു വികസന വകുപ്പിന്റെ പുതിയ ആശയത്തെ ഗവർണർ അഭിനന്ദിച്ചു. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങളെ ബഹുമാനപ്പെട്ട ഗവർണർ പ്രശംസിച്ചു. സ്ത്രീധനത്തിനെതിരായ പ്രചരണ പരിപാടികൾക്ക് കൂടുതൽ ഊർജ്ജം പകരുന്നതായിരുന്നു ഗവർണറുടെ വാക്കുകൾ.” സന്ദേശ കാര്‍ഡിനെപ്പറ്റിയുള്ള വാര്‍ത്ത അറിഞ്ഞാണ് ഗവര്‍ണര്‍ വിളിച്ചതെന്നും ഗവര്‍ണര്‍ക്ക് നന്ദി രേഖപപെടുത്തുന്നുവെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.