കോട്ടയം: ക്രെയിൻ സർവീസ് ജീവനക്കാരായിരുന്ന ഇരട്ടസഹോദരങ്ങൾ തൂങ്ങിമരിച്ച നിലയിൽ. കോട്ടയം കടുവാക്കുളത്താണ് സംഭവം. നസീർ, നിസാർ (33) എന്നിവരെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. സഹോദരങ്ങളും ഇവരുടെ അമ്മയും മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്.
രാവിലെ ഒരു മകന് കാപ്പിയുമായി മുറിയിലെത്തിയപ്പോഴാണ് മകനെ മരിച്ച നിലയിൽ കാണുന്നത്.. അമ്മയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിക്കൂടിയശേഷമാണ് രണ്ടാമത്തെ മകനും ആത്മഹത്യചെയ്തതായി കണ്ടത്.
മുൻപ് നാട്ടകത്ത് താമസിച്ചിരുന്ന ഇവർ മൂന്ന് വർഷം മുൻപാണ് കടുവാക്കുളത്ത് താമസത്തിന് വന്നത്. ക്രെയിൻ സർവീസ് ഉടമ മരിച്ചതോടെ ഇവർക്ക് ജോലി നഷ്ടപ്പെടുകയും മറ്റ് ജോലികൾ ചെയ്ത് ജീവിക്കുകയുമായിരുന്നു. ലോകഡൗണിൽ കൂലിപ്പണിയും കുറഞ്ഞതോടെയാണ് സാമ്പത്തിക പ്രതിസന്ധി കടുത്തത്.
ഇരുവരും ഒരു ബാങ്കിൽ നിന്ന് ലോൺ എടുത്തിരുന്നുവെന്നും ജപ്തി ഭീഷണിയെത്തുടർന്നാണ് ആത്മഹത്യയെന്നുമാണ് നാട്ടുകാർ പറയുന്നത്. സഹോദരങ്ങൾക്ക് മറ്റ് സാമ്പത്തിക ബാധ്യതകളുമുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. ബാങ്ക് അധികൃതർ കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയിരുന്നുവെന്നും നാട്ടുകാർ പറയുന്നു.കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി മറ്റ് നടപടികൾ സ്വീകരിച്ചുവരികയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: twin brothers committed suicide in Kottayam