ന്യൂഡൽഹി: കൊട്ടിയൂർ പീഡന കേസിൽ ശിക്ഷിക്കപ്പെട്ട മുൻ വൈദികൻ റോബിൻ വടക്കുംചേരി വിവാഹംകഴിക്കുന്നതിനായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളെ കേരളം സുപ്രീം കോടതിയിൽ എതിർക്കും. എന്നാൽ റോബിനെ വിവാഹം കഴിക്കണം എന്ന ഇരയുടെ ആവശ്യത്തിൽ കോടതി തീരുമാനത്തെ അംഗീകരിക്കാനാണ് സർക്കാർ തീരുമാനം. സംസ്ഥാന സർക്കാരിന് വേണ്ടി മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ ഹരിൻ പി റാവൽ ഹാജരായേക്കും.
കേസിലെ ഇരയെ വിവാഹം കഴിക്കാൻ ഹ്രസ്വ കാലത്തേക്ക് ജാമ്യം അനുവദിക്കണം എന്നാണ് സുപ്രീം കോടതിയിൽ റോബിൻ വടക്കുംചേരി നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് മാസത്തെ ജാമ്യം അനുവദിക്കണം എന്ന് ഇരയും കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ രണ്ട് ആവശ്യങ്ങളും അംഗീകരിക്കാൻ കഴിയില്ല എന്ന നിലപാട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിക്കും.
പ്രായപൂർത്തിയായ രണ്ട് പേർക്ക് വിവാഹം കഴിക്കാനുള്ള തീരുമാനം എടുക്കാം. ഇതിൽ രക്ഷകർത്താക്കൾക്ക് പോലും ഇടപെടാൻ അധികാരമില്ല എന്നാണ് ഹാദിയ കേസിൽ സുപ്രീം കോടതി വിധിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ വിവാഹം കഴിക്കണം എന്ന റോബിൻ വടക്കുംചേരിയുടെയും ഇരയുടെയും ആവാശ്യത്തിൽ കേരളം സുപ്രീം കോടതിയിൽ നിലപാട് അറിയിക്കില്ല.
വിവാഹത്തിന് കോടതി അനുമതി നൽകിയാൽ ജയിലിൽ വച്ച് വിവാഹം നടക്കട്ടെ എന്ന നിലപാടാകും കേരളം കോടതിയിൽ സ്വീകരിക്കുക. നാല് വയസ്സുള്ള മകനെ സ്കൂളിൽ ചേർക്കുമ്പോൾ അച്ഛന്റെ പേര് രേഖപെടുത്തുന്നതിന് വിവാഹം അനിവാര്യമാണെന്ന് വ്യക്തമാക്കിയാണ് ഇര സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
Content Highlights: Kerala to oppose bail application filedd by Robin Vadakkumcherry in SC