തിരുവനന്തപുരം
സംസ്ഥാനത്ത് കൂടുതൽ മദ്യവിൽപ്പനശാല തുറക്കാൻ തീരുമാനമില്ല. ഇതു സംബന്ധിച്ച് ഒരു ശുപാർശയും എക്സൈസ് വകുപ്പ് സർക്കാരിന് സമർപ്പിച്ചിട്ടില്ല. ഔട്ട്ലറ്റുകളിലെ തിരക്ക് കുറയ്ക്കാൻ ഹൈക്കോടതി ആവശ്യപ്രകാരം നൽകിയ നിർദേശങ്ങളിൽ ഒന്നുമാത്രമാണ് കൂടുതൽ വിൽപ്പനകേന്ദ്രം തുടങ്ങുകയെന്നത്. ഇത് തീരുമാനമല്ല. തിരക്ക് ഒഴിവാക്കാനുള്ള ഒരു മാർഗം എന്ന നിലയിലാണ് ഹൈക്കോടതിയെ നിർദേശം അറിയിച്ചതെന്ന് എക്സൈസ് കമീഷണർ എസ് ആനന്തകൃഷ്ണൻ പറഞ്ഞു. പുതിയത് ആരംഭിക്കാൻ തീരുമാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതിയ മദ്യവിൽപ്പന കേന്ദ്രം ആരംഭിക്കാൻ തീരുമാനിക്കേണ്ടത് സർക്കാരിന്റെ മദ്യനയത്തിലാണ്. മദ്യനയത്തിൽ മാറ്റംവരുത്താൻ സർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ല. കോവിഡ് കാലത്ത് മദ്യവിൽപ്പന കേന്ദ്രങ്ങളിലെ തിരക്കിനെതിരെ ലഭിച്ച ഹർജിയിലാണ് തിരക്ക് ഒഴിവാക്കാനുള്ള മാർഗ നിർദേശം ഹൈക്കോടതി ആവശ്യപ്പെട്ടത്. തുടർന്നാണ് എക്സൈസ് കമീഷണറും ബിവറേജസ് കോർപറേഷൻ എംഡിയും റിപ്പോർട്ട് സമർപ്പിച്ചത്.