തിരുവനന്തപുരം
റവന്യൂ വകുപ്പിൽ 10 ദിവസത്തിനുള്ളിൽ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്തത് 489 ഒഴിവ്. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് റവന്യൂ, ഭവന നിർമാണം, സർവേ–- ഭൂരേഖ വകുപ്പുകളിലെ ഒഴിവുള്ള തസ്തികകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യാൻ ഉത്തരവിറക്കിയത്. ആഗസ്ത് നാലിന് നിരവധി റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്നതിനാല്‍ പരമാവധി നിയമനം നടത്താനാണിത്.
കഴിഞ്ഞ ദിവസം ഡ്രാഫ്റ്റ്സ്മാൻ തസ്തികയിലെ 110 ഒഴിവാണ് റിപ്പോർട്ട് ചെയ്തത്. 15 ഡ്രൈവർമാരുടെ ഒഴിവുകളും റിപ്പോർട്ട് ചെയ്യും. റവന്യൂ – സർവേ– ഭവന നിർമാണ വകുപ്പുകളിൽ 340 ഒഴിവ് റിപ്പോർട്ട് ചെയ്തിരുന്നു. തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ/ഹെഡ് ക്ലർക്ക്, റവന്യൂ ഇൻസ്പെക്ടർ, സീനിയർ ക്ലർക്ക് തസ്തികകൾ താൽക്കാലികമായി തരംതാഴ്ത്തി നിലവിലുള്ള എൻട്രി കേഡറായ ക്ലർക്ക് തസ്തികയിലാണ് നിയമനം. സർവേയും ഭൂരേഖയും വകുപ്പിലെ 11 ഒഴിവുകൂടി റിപ്പോർട്ട് ചെയ്യാൻ ഉത്തരവിറക്കി. സർവേയർ ഗ്രേഡ് രണ്ട് തസ്തികയിലെ പിഎസ്സി റാങ്ക് ലിസ്റ്റിൽനിന്നാണ് നിയമനം. അഡീഷണൽ ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ തസ്തികകളിൽ സീനിയോറിറ്റി ലിസ്റ്റും സെലക്ട് ലിസ്റ്റും ഇല്ലാത്തതിനാൽ സർവേയർ ഗ്രേഡ് രണ്ട് തസ്തികയിലേക്ക് തരംതാഴ്ത്തിയാണ് റിപ്പോർട്ട് ചെയ്യുക.