ന്യൂഡൽഹി
കർഷകദ്രോഹ കാർഷികനിയമങ്ങൾ പിൻവലിക്കാനും കൃഷിച്ചെലവിന്റെ അമ്പതു ശതമാനം അധികമെന്ന നിലയിൽ മിനിമം താങ്ങുവില നിയമപരമായി ഉറപ്പുവരുത്താനും കേന്ദ്രം തയ്യാറാകണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. സംയുക്ത കിസാൻമോർച്ചയുടെ നേതൃത്വത്തിൽ എട്ടുമാസമായി കർഷകർ പ്രക്ഷോഭത്തിലാണ്. ചർച്ചയ്ക്ക് സർക്കാർ കൂട്ടാക്കുന്നില്ല. ചർച്ച പുനരാരംഭിക്കണം. കർഷകസമരത്തിനുള്ള സിപിഐ എം പിന്തുണ ആവർത്തിച്ച് അറിയിക്കുന്നു–- പിബി പ്രസ്താവനയിൽ പറഞ്ഞു.
അതിക്രമം തൊഴിലാളികള്‍ക്ക് എതിരെ
ദേശീയ വിഭവങ്ങളുടെ കൊള്ളയടിക്കും പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തിനുമൊപ്പം തൊഴിലാളികളുടെ അവകാശങ്ങൾക്ക് നേരെയും ബിജെപി സർക്കാർ കടന്നാക്രമണം നടത്തുകയാണെന്ന് പിബി അഭിപ്രായപ്പെട്ടു. അവശ്യ പ്രതിരോധ സേവന ഓർഡിനൻസ് നിയമമാക്കരുത്. പാർലമെന്റിൽ മറ്റ് പ്രതിപക്ഷ പാർടികൾക്കൊപ്പംചേർന്ന് സിപിഐ എം ഈ നീക്കത്തെ ചെറുക്കും.
പ്രധാന ബില്ലുകൾ ചർച്ച കൂടാതെ സർക്കാർ പാസാക്കുകയാണ്. ചർച്ച കൂടാതെ ഒരു ബില്ലും പാസാക്കരുത്. തൊഴിലാളികളുടെ ജീവന്മരണ പ്രശ്നങ്ങളടക്കം സുപ്രധാന വിഷയങ്ങളിൽ നിയമനിർമാണം നടത്തുന്നതിൽനിന്നും ഉത്തരവാദിത്തം നിറവേറ്റുന്നതിൽനിന്നും പാർലമെന്റിനെ മോഡി സർക്കാർ വിലക്കുകയും ഇകഴ്ത്തുകയുമാണ്–- പ്രസ്താവനയിൽ പറഞ്ഞു.