ഐസ്വാൾ
സമാധാനം പുനഃസ്ഥാപിക്കാനഭ്യര്ത്ഥിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തിയിട്ടും ബിജെപി സംഖ്യം ഭരിക്കുന്ന അസം,മിസോറം സംസ്ഥാനങ്ങള്‍ തമ്മിലുള്ള തർക്കത്തിന് പരിഹാരമില്ല. അസം, മിസോറം മുഖ്യമന്ത്രിമാരായ ഹിമന്ദബിസ്വ സർമ, സോറംതംഗ എന്നിവരെ അമിത് ഷാ ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ, അവശ്യസാധനങ്ങളുമായി വരുന്ന ട്രക്കുകൾപോലും അതിർത്തി കടക്കാന്‍ ഭയന്ന് നിര്‍ത്തിയിട്ടിരിക്കുന്നു. സിആർപിഎഫിന്റെ അഞ്ച് കമ്പനി അതിർത്തിയിൽ ഇറങ്ങിയെങ്കിലും സംഘർഷ അന്തരീക്ഷം തുടരുന്നു.
ആറ് പൊലീസുകാരടക്കം ഏഴ് അസംകാരാണ് വെടിവയ്പിൽ കൊല്ലപ്പെട്ടത്. മിസോറമിലേക്ക് യാത്രചെയ്യുന്നത് അസം വിലക്കിയപ്പോൾ അസം മുഖ്യമന്ത്രിക്കെതിരെ മിസോറം കൊലപാതകശ്രമത്തിന് കേസെടുത്തു. കോവിഡ് പരിശോധനാകിറ്റ് അടക്കം മെഡിക്കൽ സാമഗ്രികളുടെ വിതരണം അസമിലെ ബാരക് താഴ്വരയിലെ ഉപരോധംകാരണം മുടങ്ങിയെന്ന് മിസോറം ആരോഗ്യമന്ത്രി ആർ ലാൽതാംഗ്ലിയാന പറഞ്ഞു.
കേസ് പിൻവലിക്കാമെന്ന് മിസോറം
ഹിമന്ദബിസ്വ സർമയ്ക്കെതിരെ എടുത്ത കേസ് പിൻവലിക്കാമെന്ന് മിസോറം ചീഫ് സെക്രട്ടറി പറഞ്ഞു. കേസെടുത്തതിൽ മുഖ്യമന്ത്രി സോറംതംഗയ്ക്ക് അതൃപ്തിയുണ്ടെന്നും പൊലീസുമായി ആലോചിച്ച് കേസ് ഒഴിവാക്കുമെന്നുംചീഫ്സെക്രട്ടറി പറഞ്ഞു. പ്രകോപനപരമായ ഇടപെടൽ സാമൂഹ്യമാധ്യമങ്ങളിൽ മിസോറംകാർ നടത്തരുതെന്ന് സോറംതംഗ അഭ്യര്‍ത്ഥിച്ചു. അതിർത്തിയിലെ സംഭവവികാസങ്ങൾ അംഗീകരിക്കാവുന്നതല്ലെന്ന് ബിസ്വസർമ പ്രതികരിച്ചു.
അതിര്‍ത്തി നിര്‍ണയിക്കാന്‍
ഉപഗ്രഹനിരീക്ഷണത്തിന് കേന്ദ്രം
അസം –- മിസോറം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങുടെ അതിർത്തി ഉപഗ്രഹനിരീക്ഷണം വഴി നിർണയിക്കാൻ കേന്ദ്രസർക്കാർ. ഇതിനായി നോർത്ത് ഈസ്റ്റേൺ സ്പേസ് ആപ്ലിക്കേഷൻ സെന്ററിനെ (എൻഇഎസ്എസി) നിയോഗിച്ചെന്ന് സർക്കാരിന്റെ രണ്ട് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.
തർക്കം ഇങ്ങനെ
അതിർത്തിമേഖലയിലെ വനഭൂമിയിൽ അസം, മിസോറം സംസ്ഥാനങ്ങൾ അവകാശം ഉന്നയിക്കുന്നു. 1873ലെ ബംഗാൾ ഈസ്റ്റേൺ ഫ്രോണ്ടിയർ റെഗുലേഷൻ പ്രകാരം 1875ൽ അംഗീകരിച്ച 509 സ്ക്വയർ മൈൽ ഇന്നർ–-ലൈൻ സംരക്ഷിത വനഭൂമി പ്രദേശം തങ്ങളുടെ അധീനതയിലാണെന്ന് മിസോറം അവകാശപ്പെടുന്നു. 1993ൽ സർവേ ഓഫ് ഇന്ത്യ വരച്ച ഭൂപടവും അതിർത്തിയുമാണ് തങ്ങൾ അംഗീകരിക്കുന്നതെന്നാണ് അസമിന്റെ നിലപാട്.
സംഘർഷം
കേന്ദ്രത്തിന്റെ പരാജയം
കേന്ദ്ര സർക്കാരിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും പൂർണ പരാജയമാണ് അസം–-മിസോറം സംഘർഷമെന്ന് സിപിഐ എം. അയൽസംസ്ഥാനങ്ങൾ തമ്മിൽ സായുധ ഏറ്റുമുട്ടലും ശത്രുതയും ഇതാദ്യം. ആഭ്യന്തരമന്ത്രി അസം സന്ദർശിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ. സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രം മുൻകൈയെടുക്കണം. രണ്ട് സംസ്ഥാനത്തിലും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാരുകളാണ്. ഭരണകക്ഷി എന്തു ചെയ്യുന്നുവെന്ന ചോദ്യമാണ് ഉയരുന്നത്–- പിബി ചൂണ്ടിക്കാട്ടി.