ശനിയാഴ്ച മൂന്ന് മണിയോടെയാണ് സംഭവം. ആളുമാറിയാണ് നഴ്സ് കുത്തിവെപ്പ് നടത്തിയതെന്നാണ് റിപ്പോർട്ട്. കൊവിഷീൽഡ് വാക്സിനാണ് വീട്ടമ്മ ആദ്യം സ്വീകരിച്ചത്. ഇരിപ്പടത്തിടത്തിൽ നിന്ന് എഴുന്നേക്കാൻ വൈകിയതോടെ നഴ്സ് രണ്ടാമതും വാക്സിൻ കുത്തിവെക്കുകയായിരുന്നു. ആള് മാറിയാണ് രണ്ടാമതും കുത്തിവെപ്പ് നടത്തിയതെന്നാണ് നഴ്സിൻ്റെ വിശദീകരണമെന്ന് മെഡിക്കൽ ഓഫീസർ ഡോ. ബിജു പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ഡിഎംഒയ്ക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വീഴ്ച മനസിലായതോടെ വൈകീട്ട് ഏഴുമണിവരെ വീട്ടമ്മയെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ഇവർക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായില്ലെന്ന് ഡോക്ടകർ വ്യക്തമാക്കി. സംഭവത്തിൽ പരാതിയില്ലെന്നും ഭാര്യയ്ക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ഭർത്താവ് പറഞ്ഞു.
സാമൂഹികാരോഗ്യ കേന്ദ്രത്തിൽ തിരക്കുള്ള സമയത്താണ് വീട്ടമ്മ വാക്സിൻ സ്വീകരിച്ചത്. അഞ്ഞൂറിലധികം പേർ വാക്സിൻ സ്വീകരിക്കാൻ എത്തിയിരുന്നു. എന്നാൽ രണ്ട് നഴ്സുമാർ മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. തിരക്ക് മൂലമാകാം നഴ്സിന് പിഴവ് സംഭവിച്ചതെന്നാണ് നിഗമനം.