കൊച്ചി > കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശരാജ്യങ്ങളിൽനിന്ന് തൊഴിൽ നഷ്ടപ്പെട്ട് വന്നത് 11 ലക്ഷം മലയാളികൾ. അവർക്ക് തൊഴിലുടമകളിൽനിന്ന് ലഭിക്കാനുള്ള വേതനം 1200 കോടിയോളം രൂപ. കിട്ടാനുള്ള ഈ വേതനത്തിനുവേണ്ടി പോരാടാനൊരുങ്ങുകയാണെന്ന് തൊഴിലാളി യൂണിയൻ പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സെന്റർ ഫോർ ഇന്ത്യൻ മൈഗ്രന്റ് സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. മടങ്ങിയെത്തിയ 3345 പ്രവാസതൊഴിലാളികളിൽനിന്നാണ് സർവേയിൽ വിവരങ്ങൾ ശേഖരിച്ചത്. 391 തൊഴിലാളികളുടെ കണക്കുകൾ പരിശോധിച്ചപ്പോൾ 62 കോടിയോളം രൂപ ലഭിക്കാനുണ്ടെന്ന് വ്യക്തമായി.
വിദേശവകുപ്പും എംബസികളും ഇക്കാര്യത്തിൽ വേണ്ടത്ര പരിഗണന നൽകുന്നില്ലെന്നും അർഹതപ്പെട്ടവരുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് ആവശ്യമായ നിയമസഹായം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കായി പ്രത്യേക സമിതി രൂപീകരിക്കാനും ഹെൽപ് ഡെസ്ക് ആരംഭിക്കാനും തീരുമാനമായെന്നും പ്രതിനിധികൾ പറഞ്ഞു. ട്രേഡ് യൂണിയൻ നേതാക്കളായ അഡ്വ. തമ്പാൻ തോമസ്, കെ വി അബ്ദുൾഖാദർ, കെ കെ ഇബ്രാഹിംകുട്ടി, സെന്റർ ഫോർ ഇന്ത്യൻ മൈഗ്രന്റ് സ്റ്റഡീസ് ഡയറക്ടർ റഫീഖ് റാവുത്തർ, പാർവതീദേവി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.