കണ്ണൂർ > സ്വന്തമെന്ന് കരുതിയത് കൈവിട്ടു പോകുമ്പോൾ ആത്മസംഘർഷങ്ങളുടെ കൊടുമുടിയിലെത്തിനിൽക്കുന്ന മനസ്സ്. ആഘാതത്തെ മറികടക്കാൻ ജീവനെടുക്കലിന്റെ ഹീനമായ വഴി. ഒന്നുകിൽ സ്വന്തം ജീവൻ അല്ലെങ്കിൽ മറ്റൊരാളുടെ. മാനസയെന്ന യുവതിയെ മുൻ സുഹൃത്ത് രഖിൽ വെടിവച്ചുകൊന്ന് ആത്മഹത്യചെയ്ത വാർത്ത ചർച്ചയാവുമ്പോൾ അവനവനിലേക്കുമാത്രം ചുരുങ്ങുന്ന യുവാക്കളുടെ ലോകം അതിന്റെ ഭീകരമുഖമാണ് വെളിപ്പെടുത്തുന്നത്. എനിക്ക് കിട്ടിയില്ലെങ്കിൽ മറ്റാർക്കും കിട്ടരുതെന്ന വാശി, ജീവനോടെയുണ്ടാവരുതെന്ന പക ഇതെല്ലാം പെൺകുട്ടികളുടെ ജീവനെടുക്കുന്നതിലേക്ക് നയിക്കുന്നു.
ജീവിതമാണ് ഹീറോയിസം
വ്യക്തിപരമായ നഷ്ടത്തെ യാഥാർഥ്യബോധത്തോടെ അംഗീകരിക്കാനുള്ള മാനസികാരോഗ്യമില്ലാത്തതാണ് യുവതലമുറ നേരിടുന്ന പ്രധാന പ്രശ്നമെന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിലെ മനോരോഗ വിദഗ്ധൻ ഗൗരവ് ശങ്കർ പറഞ്ഞു. ബന്ധങ്ങൾ തകരുമ്പോൾ പുരുഷാധിപത്യസ്വഭാവം മറനീക്കി പുറത്തുവരുന്നു. ഇഷ്ടമാണെന്നു പറഞ്ഞത് ഉൾക്കൊണ്ടതുപോലെ ഇഷ്ടമല്ലെന്നു പറഞ്ഞതും ഉൾക്കൊള്ളാൻ പലപ്പോഴും യുവാക്കൾക്ക് കഴിയുന്നില്ല. ഒരു ബന്ധം ആരോഗ്യപരമായും സമാധാനപരമായും അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചിന്തകൾ ഉണ്ടാവുന്നേയില്ലെന്നും ഡോ. ഗൗരവ് പറഞ്ഞു.
താക്കീത് മാത്രമല്ല പോംവഴി
മധ്യസ്ഥ ചർച്ചകളിലെ ഉറപ്പുകൾ മിക്കപ്പോഴും പാലിക്കപ്പെടാറില്ല. ശല്യം ചെയ്യരുതെന്ന താക്കീതുകൾ മാത്രമാണ് യുവാവിന് കിട്ടുന്നത്. ഇനി പ്രശ്നമുണ്ടാവില്ലെന്ന് അപ്പോൾ ഉറപ്പുനൽകാൻ അയാൾ നിർബന്ധിതനാവുന്നു. അയാളുടെ ഉള്ളിലെ പ്രശ്നങ്ങൾക്ക് അതൊരു പരിഹാരമേ ആകുന്നില്ല. വഴക്കുപറയുമെന്നല്ലാതെ മാനസികാവസ്ഥകൾ പങ്കിടാൻ മിക്കപ്പോഴും വീട്ടുകാരടക്കം തയ്യാറാകാറില്ല. കൗൺസിലിങ്ങിലൂടെയോ മാനസികാരോഗ്യ വിദഗ്ധന്റെ സഹായത്തോടെയോ പ്രശ്നം പരിഹരിക്കാൻ രക്ഷിതാക്കളും സുഹൃത്തുക്കളും മുന്നോട്ടുവരണം.
ഗൗരവമായി കാണണം, പിന്തുടരലുകളെ
പെൺകുട്ടികളെ പിന്തുടർന്ന് ശല്യംചെയ്യുന്നതുപോലും സമൂഹം ഗൗരവമായി കാണാറില്ല. ഇത്തരം സന്ദർഭങ്ങളിൽ പെൺകുട്ടികൾ അനുഭവിക്കുന്ന മാനസ്സികസംഘർഷങ്ങളും ചർച്ചചെയ്യപ്പെടാറില്ല. അവഗണിക്കപ്പെടുന്നുവെന്ന തോന്നലുകളിൽ ഇത്തരം പിന്തുടരലുകളാണ് കുറ്റകൃത്യത്തിലേക്ക് വഴിമാറുന്നത്. ദുരന്തം നടന്നതിനുശേഷം മാത്രമാണ് എല്ലാം ചർച്ചയാവുന്നത്. മിക്ക കേസുകളിലും അതിനുമുമ്പേ ഇതിന്റെ സൂചനകൾ പെൺകുട്ടികൾക്ക് ലഭിച്ചിട്ടുണ്ടാവും. സൂചനകളെ നിസാരമായി തള്ളാതെ ജാഗ്രതയോടെ പ്രതികരിക്കാനും പരാതിപ്പെടാനുമുള്ള അവബോധം പെൺകുട്ടികൾക്കും രക്ഷിതാക്കൾക്കും ഉണ്ടാകണം.
ഇരുവരുടെയും സംസ്കാരം ഇന്ന്
കോതമംഗലത്ത് യുവാവ് വെടിവെച്ചുകൊന്ന ഡെന്റൽ വിദ്യാർഥിനി മാനസയുടെയും അതിനുശേഷം സ്വയം വെടിവെച്ചു മരിച്ച രഖിലിന്റെയും സംസ്കാരം ഞായറാഴ്ച കണ്ണൂരിൽ നടക്കും. രാത്രി വൈകി കണ്ണൂരിലെത്തിച്ച മാനസയുടെ മൃതദേഹം കണ്ണൂർ എ കെ ജി ആശുപത്രിയിലാണുള്ളത്. ഞായറാഴ്ച രാവിലെ 9.30ന് വീട്ടിലെത്തിച്ചശേഷം പയ്യാമ്പലത്ത് സംസ്കരിക്കും.
തലശേരി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ച രഖിലിന്റെ മൃതദേഹം 9.30ന് പിണറായി പ്രശാന്തിയിൽ സംസ്കരിക്കും.
ഇൻക്വസ്റ്റ് നടപടികളുടെ ഭാഗമായി വലിയച്ഛൻ പി വി വിജയനും അമ്മാവൻ എൻ സനാതനനുമാണ് മാനസയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. തുടർന്ന്, മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽനിന്ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിന് എത്തിച്ചു.
രഖിലിന്റെ മൃതദേഹവും മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം ചെയ്തത്. മൃതദേഹം അനുജൻ രാഹുലും ബന്ധുക്കളും ഏറ്റുവാങ്ങി. കനത്ത പൊലീസ് സുരക്ഷയാണ് ഗവ. മെഡിക്കൽ കോളേജ് പരിസരത്ത് ഏർപ്പെടുത്തിയിരുന്നത്. ഡോക്ടർമാരായ വി എസ് ജിജു, അർജുൻ എസ് പിള്ള എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോർട്ടം.