തിരുവനന്തപുരം > കോവിഡ് മൂന്നാം തരംഗസാധ്യത നേരിടാൻ കേരളം സജ്ജം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് 33 ഓക്സിജൻ ഉൽപ്പാദന യൂണിറ്റ് ആഗസ്തിൽ പ്രവർത്തനം തുടങ്ങും. 77 മെട്രിക് ടൺ ഓക്സിജൻ അധികമായി നിർമിക്കാനാകും.
ശിശുചികിത്സാ സംവിധാനങ്ങളുടെ വിപുലീകരണം അടിയന്തിരമായി പൂർത്തിയാക്കാനും ഓക്സിജൻ ലഭ്യതയും ചികിത്സയും ഉറപ്പാക്കാൻ ചേർന്ന പ്രത്യേക അവലോകന യോഗം തിരുമാനിച്ചു. ഓക്സിജൻ പ്ലാന്റിന്റെ നടപടി അതിവേഗം പൂർത്തിയാക്കാൻ മെഡിക്കൽ സർവീസസ് കോർപറേഷന് മന്ത്രി വീണാ ജോർജ് നിർദേശം നൽകി.
കേന്ദ്ര–-സംസ്ഥാന പദ്ധതികൾ, സിഎസ്ആർ ഫണ്ട്, സന്നദ്ധ സംഘടനകളുടെ സംഭാവന എന്നിവ ഉപയോഗിച്ചാണ് ഓക്സിജൻ യൂണിറ്റുകൾ. എല്ലാ ജില്ലയിലും ശിശുരോഗ തീവ്രപരിചരണ സംവിധാനം ഉറപ്പാക്കും. നവജാത ശിശുക്കൾക്കും കുട്ടികൾക്കുമായി പ്രത്യേകം ഐസിയുവും ഒരുക്കുന്നുണ്ട്. ജില്ലകളിൽ കുട്ടികളുടെ ചികിത്സയ്ക്കായി നോഡൽ ആശുപത്രിയും സജ്ജമാക്കി. ഈ ആശുപത്രികളിലടക്കം ഓക്സിജൻ ഉറപ്പാക്കും. കുട്ടികൾക്ക് വേണ്ടി ആശുപത്രികളിൽ കിടക്ക വർധിപ്പിക്കാനും മെഡിക്കൽ കോളേജുകൾ കേന്ദ്രീകരിച്ച് ചികിത്സാസൗകര്യം വർധിപ്പിക്കാനും തീരുമാനിച്ചിരുന്നു.
ഇവ അടിയന്തരമായി പൂർത്തിയാക്കാൻ കെഎംഎസ്സിഎൽ, ആരോഗ്യവകുപ്പ്, ആരോഗ്യ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്ക് മന്ത്രി നിർദേശം നൽകി. കെഎംഎസ്സിഎൽ എംഡി ഡി ബാലമുരളി, ആരോഗ്യ വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ ഡോ. എ റംലാ ബീവി, ആരോഗ്യവകുപ്പ് അഡീ. ഡയറക്ടർ ഡോ. ബിന്ദു മോഹൻ, കെഎംഎസ്സിഎൽ ജനറൽ മാനേജർ ഡോ. എസ് ആർ ദിലീപ് കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പരിഹാരം അതിവേഗ വാക്സിനേഷനെന്ന് ഐസിഎംആറും
സിറൊ പ്രിവിലൻസ് സർവേയിലൂടെ കേരളത്തിൽ രോഗം ബാധിക്കാത്തവരാണ് കൂടുതലെന്ന് കണ്ടെത്തിയ ഐസിഎംആറും നിർദേശിക്കുന്നത് അതിവേഗ വാക്സിനേഷൻ. ദീർഘകാലം വൈറസ് സാന്നിധ്യമുണ്ടാകാനിടയുള്ളതും കേരളത്തിലാണെന്ന് ഐസിഎംആർ പഠനം. എന്നാൽ, വാക്സിൻ നൽകുന്നതിൽ കേന്ദ്ര സർക്കാരിന് ഈ പരിഗണനയില്ല. സ്റ്റോക്കില്ലാത്തതിനാൽ കഴിഞ്ഞ ദിവസം കുത്തിവയ്പ് പലയിടത്തും മുടങ്ങി. മാസം ഒരു കോടി പേർക്ക് വാക്സിൻ നൽകാനുള്ള ശേഷി കേരളത്തിനുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു തുള്ളിപോലും പാഴാക്കാതെ ഉപയോഗിച്ചതിലും റെക്കോഡ് കേരളത്തിനാണ്.
ശരീരത്തിൽ കോവിഡ് പ്രതിവസ്തുവിന്റെ സാന്നിധ്യം ഏറ്റവും കുറവുള്ളവർ കേരളത്തിലും കൂടുതൽ മധ്യപ്രദേശിലുമാണെന്ന് സിറൊ സർവേയിൽ വ്യക്തമായി. പോസിറ്റീവായവരിലും വാക്സിൻ സ്വീകരിച്ചവരിലും പ്രതിവസ്തു സാന്നിധ്യം കാണും.
ശരിയായ പാതയിൽ കേരളത്തിന്റെ കോവിഡ് പ്രതിരോധതന്ത്രം ശരിയായ പാതയിലാണെന്ന് തെളിയിക്കുന്നതാണ് സിറൊ പ്രിവിലൻസ് സർവേ ഫലമെന്ന് ഐസിഎംആറിന്റെ ഗവേഷണ വിഭാഗം തലവനായിരുന്ന ഡോ. ടി ജേക്കബ് ജോൺ ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഡെൽറ്റ വൈറസാണ് വ്യാപിക്കുന്നത്. അടിസ്ഥാന വൈറസിനെ തടയുന്നതുപോലെ ഡെൽറ്റയെ നിയന്ത്രിക്കാനാകില്ല. ദിവസങ്ങളോളം പുറത്തിറങ്ങാത്തവരിലും വൈറസ് കാണുന്നു. ആരെങ്കിലും പരത്തുന്നതല്ല. വാക്സിൻ ഭൂരിപക്ഷത്തിനും നൽകലാണ് പരിഹാരം.