തിരുവനന്തപുരം > ഭിന്നശേഷീസൗഹൃദ കേരളത്തിനുള്ള സുപ്രധാന ചുവടുവയ്പായ സാമൂഹ്യനീതി വകുപ്പിന്റെ “സഹജീവനം’ പദ്ധതി തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനംചെയ്യും. സാമൂഹ്യനീതിമന്ത്രി ആർ ബിന്ദു അധ്യക്ഷയാകും.
സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായാണ് പദ്ധതി. വിദ്യാഭ്യാസം, തദ്ദേശ ഭരണം, ആരോഗ്യം, വനിതാ -ശിശു വികസനം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ “സഹജീവനം’ സഹായ കേന്ദ്രങ്ങൾ മുഴുവൻ ബ്ലോക്കിലുമാണ് ആരംഭിക്കുന്നത്. ഭിന്നശേഷിക്കാർക്ക് സർക്കാരിന്റെ വാതിൽപ്പടി സേവനവും കുടുംബത്തിന് മാനസിക പിന്തുണയും അവശ്യസേവനങ്ങളും ലഭ്യമാക്കുന്നതിനാണ് പദ്ധതിയെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.