ന്യൂഡൽഹി > കോവിഡ് ബാധിതരെ കണ്ടെത്തുന്നതില് കേരളം ബഹുദൂരം മുന്നിലെന്ന് പഠനം. ആറിൽ ഒരു രോഗിയെ വീതം കേരളം കണ്ടെത്തുമ്പോള് ബിഹാര് 134 രോഗികളില്‍ ഒരാളെയും യുപി 100ൽ ഒരു രോഗിയെയുമാണ് കണ്ടെത്തുന്നത്. ഐസിഎംആറിന്റെ നാലാം സിറൊ സർവേ അടിസ്ഥാനമാക്കി പ്രമുഖ ഹെൽത്ത് ഇക്കണോമിസ്റ്റ് റിജോ ജോണ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം.
സര്വേ വിവരങ്ങള് അപഗ്രഥിച്ച് റിപ്പോര്ട്ട് ചെയ്യാതെ പോകുന്ന രോഗികളുടെ എണ്ണം (അണ്ടർ കൗണ്ടിങ് ഫാക്ടർ) ആണ് കണക്കാക്കിയത്. ഒരു രോഗിയെ കണ്ടെത്തുമ്പോള് എത്ര രോഗികൾ ഒഴിവാക്കപ്പെടുന്നുവെന്ന കണക്കുകൂട്ടലാണ് അണ്ടർ കൗണ്ടിങ് ഫാക്ടർ. പഠനനിരീക്ഷണങ്ങള് സർക്കാർ വൃത്തങ്ങളും സ്ഥിരീകരിച്ചു.
ബിഹാറിൽ മെയ് 31നകം ഒമ്പതു കോടിയിലേറെ രോഗികളെ റിപ്പോർട്ട് ചെയ്യേണ്ടതാണ്. എന്നാൽ, കണക്കില് ഒമ്പതു ലക്ഷം മാത്രം. 16.8 കോടി രോഗികള്‍ ഉണ്ടാകേണ്ട യുപിയില് കണക്കില് 17 ലക്ഷം രോഗികള്‍. രാജ്യത്ത് അണ്ടർ കൗണ്ടിങ് ഫാക്ടർ 33 ആണ്. മെയ് 31നുള്ളിൽ 92.65 കോടി രോഗികള്‍ ഉണ്ടാകേണ്ടതാണ്, എന്നാല് അന്നേവരെ റിപ്പോര്ട്ട് ചെയ്തത് 2.82 കോടി രോഗികള്‍ മാത്രം. ലക്ഷക്കണക്കിനു രോഗികള്‍ കണക്കിൽപ്പെടാതെ പോയെന്നാണ് പഠനം വെളിപ്പെടുത്തുന്നത്.